Kerala
അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും മാർ കല്ലറങ്ങാട്ട് നിർവഹിച്ചു
പാലാ: അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. പുതിയതായി നിർമ്മിച്ച മൾട്ടി മീഡിയ ഹാളും വിഐപി ലൗഞ്ചും ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ റവ ഡോ. ഷാജി ജോൺ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
പാലാ രൂപതാദ്ധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വാദകർമ്മം നിർവ്വഹിച്ചു സംസാരിച്ചു. മരിച്ചവരിൽ നിന്ന് ജീവിച്ചിരിക്കുന്നവരിലേക്ക് തലമുറകളിലൂടെ യാത്ര ചെയ്യുന്ന സപര്യയാണ് വായനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവാർജ്ജിക്കാൻ പല വഴികളുണ്ടെങ്കിലും ജ്ഞാനം നേടാൻ പുസ്തകങ്ങളെ ആശ്രയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് മാനേജരും രൂപതാ മുഖ്യവികാരി ജനറാളുമായ റവ ഡോ. ജോസഫ് തടത്തിൽ , വികാരി ജനറാൾ റവ.ഫാ ജോസഫ് കണിയോടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഇ ബി എസ് ബി ക്ലബിൻ്റെ ഇ മാഗസിൻ തദവസരത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. കോളേജ് ബർസാർ റവ.ഫാ കുര്യാക്കോസ് വെളളച്ചാലിൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.