Kerala
രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി രാമപൂരത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ലൈബ്രറിയുടെ വാർഷികവും നടന്നു
കോട്ടയം :രാമപുരം : രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി രാമപൂരത്തിൻ്റെ ആഭിമുഖ്യത്തിൽ രാമപുരം വാര്യംപറമ്പിൽ വിദ്യാരംഭവും ലൈബ്രറിയുടെ 76-ാം വാർഷികവും നടന്നു. രാവിലെ 7 മുതൽ ഡോ. രാജു ഡി കൃഷ്ണപുരം, നാരായണൻ കാരനാട്ട്, ജി ശ്രീധരൻപിള്ള, വി എം ചിത്ര എന്നീ ആചാര്യന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. തുടർന്ന് രാമപുരത്തുവാര്യർ മെമ്മോറിയൽ യു.പി സ്കൂൾ ഹാളിൽ നടന്ന ലൈബ്രറിയുടെ 76-ാം വാർഷിക സമ്മേളനം രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡൻ്റ് കെ.എസ് മാധവൻ അദ്ധ്യക്ഷത വഹിച്ചു. ആർ. വി.എം യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ ഉണ്ണികൃഷ്ണൻ, അജയൻ ജി, കെ.ബി സന്തോഷ് എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന പ്രിയദർശിനി നേഴ്സറി സ്കൂളിനെ 36 വർഷക്കാലം നയിച്ച് ആയിരങ്ങളായ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ എം.കെ ശാന്തകുമാരി ടീച്ചറിനെ സമ്മേളനത്തിൽ ആദരിച്ചു.
തുടർന്ന് പാലാ വിദ്യാഭ്യാസ ജില്ലയിലെ എൽ.പി മുതൽ കോളേജ് തലം വരെയുള്ള കുട്ടികളുടെ വഞ്ചിപ്പാട്ട് മത്സരങ്ങളും നടന്നു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവിഡ് മത്സര വിജയികളായ കുട്ടികളുടെ വിദ്യാലയങ്ങൾക്കായി എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി.