Kerala
അൽഫോൻസാ കോളേജ് ഞാനിങ്ങെടുക്കുവാ..3 ലക്ഷം രൂപ വിലമതിക്കുന്ന എവർറോളിങ് ട്രോഫി കോളേജിന് വേണ്ടി ഏർപ്പെടുത്തി സുരേഷ് ഗോപി
പാലാ : പാലാ അൽഫോൻസാ കോളേജിൻ്റെ വജ്ര ജൂബിലി സമാപന സമ്മേളനം രാവിലെ 9:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിന്ന ആഘോഷത്തിൻ്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന നിരവധി പ്രവർത്തനങ്ങൾ കോളേജിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സമാപന സമ്മേളനത്തിലേക്ക് കോളേജ് പ്രിൻസിപ്പൽ റവ.ഡോ ഷാജി ജോൺ ഏവരേയും സ്വാഗതം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം സിനിമാ താരവും കേന്ദ്ര പെട്രോളിയം – ടൂറിസം വകുപ്പു മന്ത്രിയുമായ ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ സാംസ്കാരികരംഗത്തും ഭാരതത്തിൻ്റെ കായികരംഗത്തും അൽഫോൻസാ കോളേജ് നല്കിയ വിലപ്പെട്ട സംഭാവനകളെ ശ്രീ സുരേഷ് ഗോപി പ്രത്യേകം അനുസ്മരിച്ചു. കോളേജിൻ്റെ പേരിൽ കേരളത്തിലെ ഏറ്റവും മികച്ച കായികപ്രതിഭയ്ക്കു നല്കാനായി 3 ലക്ഷം രൂപ വിലമതിക്കുന്ന ഒരു എവർറോളിങ് ട്രോഫി എർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വജ്രജൂബിലിയോടനുബന്ധിച്ച് കോളേജിൻ്റെ നേതൃ ത്വത്തിൽ നിർമ്മിച്ചു നല്കിയ 32 വീടുകളുടെ താക്കോൽ ദാനവും തദവസരത്തിൽ നടത്ത പ്പെട്ടു. കോളേജ് മാനേജരും രൂപതാ വികാരി ജനറാളുമായ റവ. ഡോ. ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ കെ ഫ്രാൻസിസ് ജോർജ് എം പി, ശ്രീ ജോസ് കെ മാണി എം പി, ശ്രീ മാണി സി കാപ്പൻ എം എൽ എ , മുനിസിപ്പൽ കൗൺസിലർ ശ്രീ ജിമ്മി ജോസഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ ഏവർക്കും കൃതജ്ഞത അർപ്പിച്ചു. മുൻ പ്രിൻസിപ്പൽമാർ , അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.