Kerala

കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നല്ല;വജ്രജൂബിലിയിലെത്തി നിൽക്കുന്ന കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നാൾക്കു നാൾ വർദ്ധിക്കുന്നു:സന്തോഷ് കാവുകാട്ട്

Posted on

കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാൽ ആനുകാലിക സംഭവവികാസങ്ങൾ വെളിവാക്കുന്നത് വജ്രജൂബിലിയിലെത്തി നിൽക്കുന്ന കേരളാ കോൺഗ്രസിൻ്റെ പ്രസക്തി നാൾക്കു നാൾ വർദ്ധിക്കുന്നുവെന്നാണ്. കാരണം മനുഷ്യനന്മയും സാമൂഹ്യ പുരോഗതിയും ലക്ഷ്യം വെക്കുന്ന വിശാല കാഴ്ചപ്പാടാണ് കേരളാ കോൺഗ്രസിൻ്റെ മൂലധനം. ഭരണഘടനാമൂല്യങ്ങളോടും ജനാധിപത്യ സംവിധാനങ്ങളോടും വിശ്വസ്തതയും ആദരവും കേരളാ കോൺഗ്രസിൻ്റെ പ്രത്യേകതയാണ്. ഈശ്വരവിശ്വാസവും മതേതര കാഴ്ചപ്പാടും എക്കാലത്തും കാത്തു സൂക്ഷിക്കുന്നവരുടെ ഗണമാണിത്. സങ്കുചിത മതചിന്തകളിൽ നിന്നുയരുന്ന പൈശാചികമായ വർഗീയതയോട് ഒരു കാലത്തും ഈ പ്രസ്ഥാനം സന്ധി ചെയ്തിട്ടില്ല. സാമൂഹിക നീതിക്ക് സാമ്പത്തിക സംവരണമാണ് കരണീയമെന്ന് ചിന്തിക്കുന്നവർ ഈ പ്രസ്ഥാനത്തിൽ ഏറെയുണ്ട്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതായിരിക്കണം ഭരണനേട്ടം എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തൊഴിലിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നതിനോട് കേരളാ കോൺഗ്രസിന് യോജിപ്പില്ല. കർഷകനും തൊഴിലാളിയും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും ഇവരുടെ സഹവർത്തിത്തവും സഹകരണവും പുരോഗതിക്ക് നിദാനമെന്ന ചിന്തയും ഈ പ്രസ്ഥാനത്തെ നയിക്കുന്നു.. നിയമത്തോടും നിയമവാഴ്ചയോടും കൂറ് പുലർത്തുന്നവരാണിവർ. മനുഷ്യനന്മയ്ക്കായി നിയമങ്ങൾ നിർമ്മിക്കണമെന്നും ( ലെജിസ്ലേച്ചർ) അവൻ്റെ ശ്രേയസിനായി അവ പൂർണ്ണമായി നടപ്പാക്കണമെന്നും (എക്ലി ക്യൂട്ടീവ് )പോരായ്മകൾ നീതിപൂർവ്വം പരിഹരിക്കപ്പെടണമെന്നും (ജുഡീഷ്യറി )കേരളാ കോൺഗ്രസ് ആഗ്രഹിക്കുന്നു. സങ്കുചിത ജാതി, മത, ചിന്തകൾക്കതീതമായി ദേശീയതയെ മുറുകെപ്പിടിച്ചുകൊണ്ട് സുശക്തമായ കേന്ദ്രവും സമസ്ത വിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ നീതി ലഭ്യമാക്കുന്ന ഭരണ സംവിധാനങ്ങളോടെ സംതൃപ്തമായ സംസ്ഥാനവും എന്ന മഹത് ചിന്തയാൽ നയിക്കപ്പെടുന്ന കേരളാ കോൺഗ്രസിൻ്റെ പ്രസക്തി വർത്തമാനകാല സാഹചര്യത്തിൽ വർദ്ധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

കേരളാ കോൺഗ്രസ് രൂപീകൃതമായ പ്രത്യേക രാഷ്ട്രീയ സാഹചര്യം കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തിൽ നിന്നാണെങ്കിൽ കർഷകനെ ശത്രുപക്ഷത്ത് നിർത്തി ആക്രമിച്ച കമ്മ്യൂണിസത്തോടും അകലം പാലിച്ചതുകൊണ്ടാണ് ഇടത്തരക്കാരായ കൃഷിക്കാരുടെ വലിയ പിന്തുണയോടെ രാഷ്ട്രീയ ഭൂമികയിൽ ആഴത്തിൽ പ്രസ്ഥാനം വേരുറപ്പിച്ചത്. അതിന് അനുകൂലമായ ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്താനും ഈ പാർട്ടിക്കു കഴിഞ്ഞു. അതാണ് അദ്ധ്വാന വർഗ്ഗസിദ്ധാന്തം. അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് കെ.എം മാണി ആണെങ്കിൽ അതിൻ്റെ പ്രായോഗിക ആവിഷ്കാരമായ കേരളത്തിൻ്റെ സമഗ്രവികസനമെന്ന ദർശനം പി.ജെ ജോസഫിൻ്റെ സംഭാവനയാണ്. അദ്ധ്വാന വർഗ്ഗസിദ്ധാന്തത്തിനും കേരളത്തിൻ്റെ സമഗ്രവികസനമെന്ന കാഴ്ചപ്പാടിനും ലഭിച്ച സ്വീകാര്യതയാണ് വേദനാജനകമായ പിളർപ്പിലും ഈ രണ്ടു നേതാക്കളും തുല്യപ്രാധാന്യമുള്ളവരായി കേരള രാഷ്ട്രീയത്തിൽ പ്രശോഭിച്ചത്.

അവർ അധികാരത്തിലെത്തിയപ്പോൾ ലഭ്യമായ വകുപ്പുകളിലൂടെ സിദ്ധാന്തവും ദർശനവും പ്രായോഗികമാക്കിയതാണ് അവരുടെ മഹത്വം . അവരോടൊപ്പം നിലയുറപ്പിച്ച നേതാക്കൾ അധികാര സ്ഥാനത്തെത്തിയപ്പോഴും ആ പാത പിന്തുടർന്നുവെന്നതാണ് സത്യം. ഗാന്ധിയൻ ആദർശങ്ങളുടെ ആൾ രൂപമായി പ്രകൃതിയേയും മനുഷ്യനെയും സ്നേഹിച്ചുകൊണ്ട് സേവിക്കുന്ന കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ കേരള രാഷ്ട്രീയത്തിലെ ആദ്വിതീയ സ്ഥാനം അവിതർക്കിതമാണ്. കേരളാ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ജനപക്ഷ നിലപാടുകളിലൂടെ ജനഹിതം ബന്ധപ്പെട്ട വേദികളിൽ എത്തിക്കുന്നതിൽ മറ്റാരേക്കാളും വിജയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിൻ്റെ ഉത്ഭവത്തിനു കാരണക്കാരനായ പി.ടി ചാക്കോയുടെ മകൻ പി.സി തോമസ് ഇന്ത്യൻ പാർലമെൻ്റിൽ കേരളത്തിലെ കർഷക ശബ്ദമായി നിറഞ്ഞുനിന്ന് കേന്ദ്രമന്ത്രി പദത്തിലെത്തി ഇന്ന് പാർട്ടിയുടെ വർക്കിംഗ് ചെയർമാനായി സജീവമായിരിക്കുന്നത് നേതാവ് എപ്പോഴും ജനങ്ങൾക്ക് സംലഭ്യനായിരിക്കണമെന്ന പാർട്ടി നയം അനുവർത്തിക്കുന്നതുകൊണ്ടാണ് .

അഴിമതിരഹിതവും കാര്യപ്രാപ്തിയുള്ളതുമായ സേവന പാതയിൽ കേരളാ കോൺഗ്രസ് മന്ത്രിമാർ ശോഭിക്കുന്നുവെന്ന് പൊതു സമൂഹം സാക്ഷ്യപ്പെടുത്തുന്നു. മുന്നണി ഏതുമാകട്ടെ ലഭിക്കുന്ന അവസരങ്ങൾ ജനോപകാരപ്രദമായി പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞുവെന്നതാണ് കേരളാ കോൺഗ്രസ് മന്ത്രിമാരുടെ മികവ് . അതിൽ ചുരുങ്ങിയ കാലം മന്ത്രിയായി പ്രവർത്തിച്ചവർവരെ ഈ ഗണത്തിലുണ്ട്. പൊതുമരാമത്ത് വകുപ്പിൽ വികസന വിപ്ലവം കാഴ്ചവെച്ച് കേരളം കണ്ട ഏറ്റവും നല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരിൽ ഒരാളായി പ്രശോഭിച്ച മോൻസ് ജോസഫ് കേരളാ കോൺഗ്രസിൻ്റെ എക്സിക്യൂട്ടിവ് ചെയർമാനാണ് എന്നതും പ്രസ്ഥാനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുകയാണ്.
സന്തോഷ് കാവുകാട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version