Kerala

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ്; വാഗമണ്ണിലെ കണ്ണാടിപ്പാലം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു.

സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാ​ഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ ഉത്തരവായത്.പാലത്തിൽ എന്നു മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. മോശം കാലാവസ്ഥയെത്തുടർന്ന് മെയ് 30നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്.

വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീർത്തത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാ​ഗത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം നൽകിയത്.

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്.

സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവായത്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ തുടങ്ങിയ വിനോദ ഉപാധികളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.250 രൂപയാണ് ഫീസ്.ആദ്യം 500 രൂപായായിരുന്നത് വെട്ടി ചുരുക്കിയാണ് ഇപ്പോഴത്തെ 250 ആക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top