Kerala

കേരളാ കോൺഗ്രസ് വജ്രജൂബിലി നിറവിൽ

1964 ഒക്ടോബർ 9 ന് ഭാരതകേസരി ആദരണീയനായ മന്നത്ത് പത്മനാഭൻ കോട്ടയം തിരുനക്കരയിൽ തിരികൊളുത്തി നാമകരണം ചെയ്ത് കേരളജനതക്ക് സമർപ്പിച്ച ഇന്ത്യയിലെ ആദ്യ പ്രാദേശിക പാർട്ടിയാണ് കേരളാ കോൺഗ്രസ് . മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ അധിഷ്ഠിതമായി ‘ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും ‘ എന്ന മഹത്തായ ലക്ഷ്യം സാധിതമാക്കാനുള്ള പ്രയാണം ഇന്നും തുടരുന്ന കേരളാ കോൺഗ്രസ് ഈശ്വരവിശ്വാസവും മതേതര മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നവരുടെ കൂട്ടായ്മയാണ്. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച കെ..എം ജോർജ് എന്ന ആദർശപുരുഷനായിരുന്നു സ്ഥാപക ചെയർമാൻ. ദേശീയ കാഴ്ചപ്പാടു മാത്രം മുറുകെപ്പിടിക്കുമ്പോൾ സംസ്ഥാന താൽപര്യങ്ങൾ ഹനിക്കപ്പെടുന്നുവെന്ന കേരളീയരുടെ വികാരം മറ്റു സംസ്ഥാനങ്ങളിലും പിന്നീട് പ്രാദേശിക പാർട്ടികളുടെ രൂപീകരണത്തിന് കാരണമായി.

പലതും അന്യംനിന്നു പോയെങ്കിലും പ്രാദേശിക പാർട്ടികളുടെ സഹകരണമില്ലാതെ മുഖ്യകക്ഷികൾക്കൊന്നും ഭരണത്തിലെത്താൻ കഴിയില്ല എന്ന യാഥാർത്ഥ്യം ഇന്നും കേരളാ കോൺഗ്രസിൻ്റെ പ്രസക്തി വിളിച്ചറിയിക്കുന്നു. മതചിന്തകൾ ഗ്രൂപ്പുകളിയായി വളർന്നതിൻ്റെ വികാരത്തള്ളലിലാണ് കേരളാ കോൺഗ്രസിൻ്റെ പിറവി എന്നാക്ഷേപമുണ്ടെങ്കിലും വിവേകപൂർവ്വമായ നിലപാടുകളിലൂടെ ജനപക്ഷത്തു ഉറച്ചുനിൽക്കുന്നതു കൊണ്ടുതന്നെ പിളർന്നു തളർന്നെങ്കിലും ഇന്നും ഈ പ്രസ്ഥാനം പിടിച്ചു നിൽക്കുന്നു. കരുത്തനും കർമ്മ കുശലനുമായ പി.ടി. ചാക്കോ എന്ന മഹാമേരുവിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുവെന്ന സങ്കടത്തള്ളലിൽ കോൺഗ്രസിൽനിന്നു മാറിയ എം.എൽ .എമാർ രൂപം കൊടുത്ത പ്രസ്ഥാനത്തിന് തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ 25 എം.എൽ .എ മാരെ സമ്മാനിച്ചാണ് കേരളം അംഗീകാരം നൽകിയത്.


എന്നാൽ സ്വന്തം അധികാര താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കാൻ വേണ്ടിയുള്ള ഹീനശ്രമങ്ങൾ കേരളാ കോൺഗ്രസിൽ നിരവധി പിളർപ്പുകൾക്ക് കാരണമായി. പിളർപ്പിന് നേതൃത്വം നൽകിയവർക്ക് താൽക്കാലികമായ ചില നേട്ടങ്ങൾ ഉണ്ടായെങ്കിലും നഷ്ടം എപ്പോഴും കേരളത്തിനായിരുന്നു. കേരളത്തിൻ്റെ സമഗ്രവികസനത്തിന് ഒട്ടേറെ സംഭാവന ചെയ്യാൻ സാധിക്കുമായിരുന്ന മഹാന്മാരായ നേതാക്കളെല്ലാം ചെറുതായിപ്പോയി എന്നതാണ് യാഥാർത്ഥ്യം . സ്ഥാപക ചെയർമാൻ കെ.എം. ജോർജ്, വിവിധ ഗ്രൂപ്പുകളുടെ ചെയർമാന്മാരായ കെ.എം മാണി , പി.ജെ ജോസഫ്, ആർ. ബാല കൃഷ്ണപിള്ള, ടി. എം ജേക്കബ്, തുടങ്ങിയ പ്രഗത്ഭർ ഭരണ രംഗത്ത് ഒട്ടേറെ സംഭാവന നൽകിയവരാണ്. ഒപ്പം രാഷ്ട്രീയ, സാമൂഹ്യ, സംസ്കാരിക മേഖലകളിലെല്ലാം ഈ മഹത്തുക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെട്ടിരുന്നു. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ളവരെ യെല്ലാം ചേർത്തു നിർത്തിയപ്പോഴും ഒരു കാർഷിക സംസ്ഥാനമായ കേരളത്തിലെ കർഷകരുടെ അത്താണിയായി കേരളാ കോൺഗ്രസിനെ ആശ്രയിച്ചവരുടെ അദ്ധ്വാനത്തിലാണ് ഈ പ്രസ്ഥാനം വളർന്നത്, ഇന്നും പിടിച്ചു നിൽക്കുന്നതും.
‘ പിളരുന്തോറും വളരുമെന്ന് ‘ ജനത്തെ കബളിപ്പിക്കാൻ പറഞ്ഞൊപ്പിച്ചാലും തളരുകയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് കേരളാ കോൺഗ്രസ്ഗ്രൂപ്പുകളുടെ ലയനം സംഭവിച്ചിട്ടുള്ളത്. നിരവധി പിളർപ്പുണ്ടായെങ്കിലും കെ. എം മാണി സാറും പി.ജെ ജോസഫ് സാറുമായുള്ള പിളർപ്പാണ് ജനത്തെ ഏറെ വേദനിപ്പിച്ചതും അവരുടെ ഐക്യമാണ് ഏറെ സന്തോഷിപ്പിച്ചതും. അധികാരത്തിനു വേണ്ടിയാണ് പിളർപ്പെന്നു ജനം വിലയിരുത്തുമ്പോൾ അധികാരക്കസേര ഉപേക്ഷിച്ച് 2010 ൽ കേരളാ കോൺഗ്രസിൻ്റെ ഐക്യത്തിനു വേണ്ടി നിലപാടു സ്വീകരിച്ച പി.ജെ ജോസഫ് സാർ ഇന്ന് അജയ്യനായിരിക്കുന്നു. ചെയർമാൻ്റ അഭാവത്തിൽ വർക്കിംഗ് ചെയർമാനിൽ അധികാരം നിക്ഷിപ്തമായിരിക്കുമെന്ന പാർട്ടി ഭരണഘടനാതത്വം അട്ടിമറിച്ചപ്പോൾ ഉണ്ടാകാവുന്ന പിളർപ്പ് ഒഴിവാക്കാൻ പി.ജെ ജോസഫ് സാർ ശ്രമിച്ചത് അദ്ദേഹത്തിൻ്റെ മഹത്വം വർദ്ധിപ്പിച്ചു. ഐക്യകേരളാ കോൺഗ്രസിൻ്റെ ആദർശ മുഖമായിരുന്ന സി.എഫ് തോമസ് എന്ന രാഷ്ട്രീയ വിശുദ്ധനെപ്പോലും അംഗീകരിക്കില്ലായെന്ന നിലപാടിൽ ചിലർ ഉറച്ചു നിന്നപ്പോൾ ദുഃഖകരമായ ഒരു പിളർപ്പു കൂടി സംഭവിച്ചു. ഭാരത കേസരി മന്നത്തപ്പൻ പേരിട്ട പ്രസ്ഥാനം അതേ പേരിൽ ബ്രാക്കറ്റില്ലാതെ സ്ഥാപക ചെയർമാൻ കെ. എം ജോർജിൻ്റെ മകൻ ഫ്രാൻസിസ് ജോർജ്, തെരഞ്ഞെടുക്കപ്പെട്ട ഏക എം.പി ആയി , കർഷക ശബ്ദമായി ഇന്ത്യൻ പാർലമെൻ്റിലെത്തിയിരിക്കുന്ന വേളയിലാണ് വജ്ര ജൂബിലിയെന്നതും കാവ്യനീതിയാകാം.


യഥാർത്ഥ കർഷകനും കർഷകമിത്രവും കർഷക നേതാവുമായ പി.ജെ ജോസഫ് സാറിൻ്റെ സമർത്ഥമായ നേതൃത്വത്തിൽ ഈ കർഷക പ്രസ്ഥാനം വജ്രജൂബിലിയിലേക്ക് പ്രവേശിക്കുമ്പോൾ ജനം പ്രതീക്ഷിക്കുന്നു. – സ്ഥാപക നേതാക്കളിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദർശവാനും കർമ്മനിരതനുമായ പി. ജെ ജോസഫ് സാറിൻ്റെ നേതൃത്വം അംഗീകരിച്ചുകൊണ്ട് കേരളത്തിൻ്റെ സമഗ്രവികസനമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ എല്ലാവരും ഒറ്റ കേരളാ കോൺഗ്രസായി മാറിയിരുന്നെങ്കിൽ ……….

സന്തോഷ് കാവുകാട്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top