Kerala
ചർമ്മ രോഗത്തിന് മരുന്ന് കഴിച്ചപ്പോൾ ദേഹമാസകലം ചൊറിച്ചിൽ;വ്യാജ ഡോക്ടർ അരലക്ഷവും;വ്യാജ ഡോക്ടറെ വച്ച് ചികിൽസിപ്പിച്ച ചേർത്തലയിലെ ശ്രീനാരായണ മെഡിക്കൽമിഷൻ ആശുപത്രി ഒരു ലക്ഷവും രോഗിക്ക് നഷ്ട്ടം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
കോട്ടയം: ത്വക്ക് രോഗ ചികിത്സയ്ക്കായി സമീപിച്ചയാൾക്കു കൃത്യമായ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രിയും മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആളും നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം സ്വദേശിയായ സാംബശിവൻ നൽകിയ പരാതിയിലാണ് ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി അൻപതിനായിരം രൂപയും അവിടെ ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തിയ സി.ജെ. യേശുദാസ് ഒരു ലക്ഷം രൂപയും പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്ന്് ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
2018 ഡിസംബറിലാണ് സാംബശിവൻ ശ്രീനാരായണ മെഡിക്കൽമിഷനിൽ ത്വക്ക് രോഗത്തിനു ചികിത്സ തേടിയത്. സി.ജെ. യേശുദാസ് നൽകിയ മരുന്നു രണ്ടുദിവസം കഴിച്ചപ്പോൾ ദേഹമാസകലം കടുത്ത ചൊറിച്ചിലായി. പിന്നീട് കണ്ടപ്പോഴും ഈ മരുന്നു തുടരാൻ നിർദേശിച്ചു. സ്ഥിതി വഷളായപ്പോൾ ടി.വി പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ചികിത്സയിലാണ് യേശുദാസ് നൽകിയ മരുന്നുകളുടെ ഉപയോഗത്താൽ അലർജിക്ക് ഡെർമറ്റൈറ്റിസ് ഉണ്ടായെന്നു കണ്ടെത്തിയത്. ഒരു ലക്ഷം രൂപ ചെലവഴിച്ചെങ്കിലും അലർജി ഭേദമാകാതെ വന്നതോടെയാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സേവനമനുഷ്ടിക്കവേ യേശുദാസിനെ പോലീസ് അറസ്റ്റ് ചെയ്ത് എം.ബി.ബി.എസ്് സർട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തി ക്രിമിനൽ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.കമ്മീഷന്റെ പരിശോധനയിൽ യേശുദാസ് എം.ബി.ബി.എസ് പാസായതിന്റെയും ഡെർമറ്റോളജിയിൽ ബിരുദം നേടിയതിന്റെയും യോഗ്യതകൾ ഹാജരാക്കാനായില്ല. പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് ചികിത്സിച്ചതും ഡോക്ടറായി വേഷംകെട്ടി മരുന്നുകൾ നൽകുകയും ചെയ്ത് ഗുരുതരമായ അനുചിത വ്യാപാര നയമാണ്. അതിനാൽ പരാതിക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ചികിൽസയ്ക്കായി ശരിയായ യോഗ്യതയും വൈദഗ്ധ്യവും പരിചയവുമുള്ള ഡോക്ടർമാരെ നൽകേണ്ടത് ആശുപത്രിയുടെ കടമയാണ്.
ഇദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലും കേരള മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതിൽ മെഡിക്കൽ രംഗത്തെ സേവന ദാതാവ് എന്ന നിലയിൽ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചുവെന്നും കമ്മിഷൻ വിലയിരുത്തി.
അനുചിത വ്യാപാര നയത്തിന് നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ യേശുദാസും സേവനത്തിലെ വീഴ്്ചയ്ക്ക് ആശുപത്രി അധികൃതർ നഷ്ടപരിഹാരമായി 50,000 രൂപയും പരാതി നൽകിയ തീയതി മുതൽ ഒൻപതു ശതമാനം പലിശയോടെ നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ചർമ്മ രോഗത്തിന് മരുന്ന് കഴിച്ചപ്പോൾ ദേഹമാസകലം ചൊറിച്ചിൽ;വ്യാജ ഡോക്ടർ അരലക്ഷവും;വ്യാജ ഡോക്ടറെ വച്ച് ചികിൽസിപ്പിച്ച ചേർത്തലയിലെ ശ്രീനാരായണ മെഡിക്കൽമിഷൻ ആശുപത്രി ഒരു ലക്ഷവും രോഗിക്ക് നഷ്ട്ടം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ