Kerala

പത്രങ്ങൾ പ്രതിസന്ധിയിൽ :മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി വിട്ടു:വീടുകളിലും കടകളിലും കയറിയിറങ്ങി പത്രം പിടിക്കാനും നിർദ്ദേശം

Posted on

കോഴിക്കോട്‌:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തക മാതൃഭൂമി വിട്ടു. പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് എച്ച്ആര്‍ മാനേജര്‍ക്കെതിരെ ആരോപണമുനയിച്ച് രാജിവച്ചത്. മാനേജിങ്് ഡയറക്ടര്‍ എം വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തില്‍ താങ്കളുടെ പെണ്‍മക്കള്‍ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയില്‍ സുരഷിതരായിരിക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്.

ശാരീരിക സമ്പര്‍ക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനില്‍ വെച്ചും ഏതു പെണ്‍കുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസന്‍സ് മാതൃഭൂമിയിലെ മുഴുവന്‍ പുരുഷന്‍മാര്‍ക്കും നല്‍കുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയില്‍ ഉള്ളതെന്നും കത്തിലുണ്ട്. 17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നല്‍കിയ പരാതിയില്‍ തന്നെ വീണ്ടും അപമാനിക്കുന്ന റിപോര്‍ട്ട് ആരോപണ വിധേയന്‍ തന്നെ തയ്യാറാക്കിയെന്നും കത്തില്‍ ആരോപിക്കുന്നു.

വേജ് ബോര്‍ഡ് സമരകാലത്തെ മാധ്യമ പ്രവര്‍ത്തകരെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയര്‍ എച്ച് ആര്‍ മാനേജര്‍ ആനന്ദ്, എഡിറ്റര്‍ മനോജ് കെ ദാസുമായുള്ള വടംവലിക്ക് തന്നെ കരുവാക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു പുറമേ മാധ്യമ പ്രവര്‍ത്തരെയടക്കം പത്രത്തിന് കോപ്പി പിടിക്കാന്‍ തെരുവിലിറക്കുന്നുവെന്ന ആരോപണവും മാതൃഭൂമിയിലുയര്‍ന്നിട്ടുണ്ട്.

വീടുകളിലും കടകളിലും കയറിയിറങ്ങി പത്രം പിടിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാനേജ്‌മെന്റിന്റെ പിടിപ്പുകേടില്‍ പത്രത്തിന് കോപ്പി കുറഞ്ഞതിന് പത്രപ്രവര്‍ത്തകരെ കരുവാക്കുകയാണെന്നാണ് ആരോപണം. എഡിറ്റോറിയല്‍ വിഭാഗത്തുള്ള ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും തെരുവില്‍ ഇറങ്ങി പത്രം പിടിക്കാന്‍ ആണ് നിര്‍ദേശം.സര്‍ക്കുലേഷന്‍ ചുമതലയില്‍ നിലവിലെ എച്ച് ആര്‍ മാനേജരെ നിയമിച്ചതിന് ശേഷം കൊണ്ടുവന്നതാണ് പുതിയ പരിഷ്‌ക്കാരം.

ആദ്യം കോഴിക്കോട് ആണ് തുടങ്ങിയത്. ഡസ്‌കിലും ബ്യൂറോയിലും ഉള്ളവര്‍ മൂന്ന് പേരുള്ള ഒരു ടീം ആയി രംഗത്തിറങ്ങും. രാവിലെ എഴ് മുതല്‍ പത്ത് വരെ വീടുകളില്‍ കയറി പത്രം പിടിക്കണം. പിന്നീട് വൈകീട്ട് വരെ കടകളില്‍ കയറി പ്രചാരണം നടത്തണം. പകല്‍ സര്‍ക്കുലേഷന്‍ ജോലി കഴിഞ്ഞ ശേഷം ഡസ്‌കിലും ബ്യൂറോയിലും പതിവ് ജോലികളും ചെയ്യണം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്തോടെ പത്രം പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മറ്റ് ജോലികള്‍ ഒഴിവാക്കി യിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കൊച്ചിയിലും ഒന്നാം ഘട്ടത്തില്‍ ഫീല്‍ഡ് വര്‍ക്ക് കഴിഞ്ഞു. എല്ലാ ജില്ലകളിലും രണ്ടാം ഘട്ട ഫീല്‍ഡ് വര്‍ക്ക് ഉടന്‍ തുടങ്ങണമെന്നാണ് നിര്‍ദേശം.

ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന ജോലി പത്രം പിടിക്കലായി മാറിയിട്ടുണ്ട്. . കടകളും വീടുകളും കയറി മാര്‍ക്കറ്റിങ്ങുക്കാരെ പോലെ പത്രം പിടിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ വലിയൊരു വിഭാഗം ജേര്‍ണലിസ്റ്റുകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പത്രങ്ങളില്‍ പോലും ജേര്‍ണലിസ്റ്റുകളെ മറ്റ് ജോലിക്ക് നിയോഗിക്കാറില്ല.

പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറഞ്ഞതിന്റെ യഥാര്‍ത്ഥ കാരണക്കാരെ കണ്ടെത്തി നടപടി എടുക്കാതെ അതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും പീഡിപ്പിക്കാനും ഉള്ള ശ്രമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഓരോ എഡിഷനിലും ഉള്ള മാനേജര്‍മാര്‍ക്കാണ് പത്രം പിടിക്കലിന്റെ ചുമതല.

അവരാണ് ഓരോ ദിവസവും ഫീല്‍ഡില്‍ പോകേണ്ട ജീവനക്കാരെ നിശ്ചയിക്കുന്നത്. പത്രം പിടിക്കുന്നതിന് നിയോഗിക്കുക മാത്രമല്ല ഓരോരുത്തര്‍ക്കും ടാര്‍ഗറ്റും കൊടുത്തിട്ടുണ്ട്. ഫീല്‍ഡില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍ ശിക്ഷാനടപടി ഉണ്ടാകുമോ എന്ന് പലരും ഭയപ്പെടുന്നു.

പത്രത്തിന്റെ പ്രചാരം ഗണ്യ മായി കുറഞ്ഞതിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടിയോളം നഷ്ടം വന്നതായാണ് പറയപ്പെടുന്നത്. നഷ്ടം മൂലം ദുബൈയിലുള്ള എഫ്എം ചാനല്‍ അടുത്തിടെ പൂട്ടുകയും ചെയ്തു. കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും ധൂര്‍ത്ത് കുറയ്ക്കുന്നതിനോ മാനേജ്‌മെന്റ് വക്താക്കള്‍ ആയ മാനേജര്‍മാര്‍ക്ക് സ്ഥാനക്കയറ്റം കൊടുക്കുന്നതിനോ ഒരു കുറവുമില്ല. കൂടുതല്‍ സ്ഥാനക്കയറ്റം നേടുന്നതിന് വേണ്ടി ഓരോ മാനേജര്‍മാരും ഫീല്‍ഡ് വര്‍ക്ക് ശക്തിപ്പെടുത്താന്‍ മത്സരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

സ്വാതന്ത്യസമര പാരമ്പര്യം അവകാശപ്പെടാവുന്ന പത്രം അടുത്തിടെ സംഘ്പരിവാര്‍ ജിഹ്വയായി മാറിയതില്‍ നേരത്തെ തന്നെ വായനക്കാര്‍ക്ക് പരാതി ഉണ്ട്. മീശ നോവലിലൂടെ മാതൃഭൂമി വാരിക ഹിന്ദുക്കളെ അവഹേളിച്ചുവെന്ന പരാതി മാനേജ്‌മെന്റ് ഇടപെടുവിച്ച് പരിഹരിച്ചിരുന്നു. നോവല്‍ നിര്‍ത്തിവെപ്പിച്ചതില്‍ മതേതര സമൂഹം എതിര്‍പ്പുയര്‍ത്തിയെങ്കിലും മാതൃഭൂമി മാനേജ്‌മെന്റ് കുലുങ്ങിയില്ല. എന്നാല്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പ്രസിദ്ദീകരിച്ച വാര്‍ത്തയോട് കൂടി സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും മാതൃഭൂമിയെ കൈവിട്ടിരുന്നു. ഇതോടെയാണ് സര്‍ക്കുലേഷന്‍ ജോലിക്ക് മാധ്യമ പ്രവര്‍ത്തകരെയടക്കം നിയോഗിച്ചതെന്നാണ് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version