Kerala
പാലാ റിവർവ്യൂ ആകാശ പാതയിലെ തർക്കഭൂമി ഏറ്റെടുക്കുവാൻ ഉത്തരവായി ജോസ്.കെ.മാണി എം.പി
പാലാ: റിവർവ്യൂ ആകാശപാതയിൽ നിർമ്മാണത്തിന് അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള നടപടികൾക്ക് ഉത്തരവ് പുറപ്പെടുവിച്ചതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.നിർമ്മാണ പ്രവർത്തനം പുരോഗമിക്കവെ മുനിസിപ്പൽ പാർക്കിനു സമീപമുള്ള ഭാഗത്ത് പദ്ധതിക്കായുള്ളഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്നും വിട്ടു പോയ ഭാഗമാണ് ഏറ്റെടുക്കുക.
ഇവിടെ സ്ഥിതി ചെയ്യുന്ന 2.47 സെൻ്റ് സ്ഥലമാണ് പദ്ധതി പൂർത്തീകരണത്തിനായി ഏറ്റെടുക്കുക.സമൂഹിക പ്രത്യാഘാത പഠന (എസ്.ഐ.എ) അന്തിമ റിപ്പോർട്ട് പ്രകാരം ജില്ലാ വിദഗ്ദ സമിതി പരിശേധിച്ച് ശുപാർശ നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചത്.രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് പ്രത്യാഘാത റിപ്പോർട്ട് തയ്യാറാക്കുവാൻ നിയമിച്ചിരുന്നത്.
2013 എൽ.എ.ആർ.ആർ നിയമം അനുശാസിക്കും വിധമുള്ള നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കുക.ഇതിനായി പാലാ സ്പെഷ്യൽ തഹസിൽദാർ (എൽ.എ ) യെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായിട്ടുള്ള 11 (1) നോട്ടിഫിക്കേഷൻ കരടും നഷ്ടപരിഹാര പാക്കേജും സമർപ്പിക്കുവാനും എൽ.എ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ അവശേഷിക്കുന്ന നിർമ്മാണവും പൂർത്തിയാക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.