Sports
ഓള പരപ്പിലെ മാമാങ്കം നെഹ്റു ട്രോഫി വള്ളംകളി ഇന്ന് : 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ പൊരുതും
ഓള പരപ്പിലെ മാമാങ്കം നെഹ്റു ട്രോഫി വള്ളംകളി ഇന്ന് : 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ പൊരുതുംഇന്ന് ഉച്ചയ്ക്കു 2ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70–ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്.
ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
പാസുള്ളവർക്ക് മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജപാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശനനടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ടൂറിസിസ്‌റ്റ് ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവർ ബോട്ടിൽ നെഹ്‌റു പവിലിയനിലേക്ക് പോകാൻ രാവിലെ 10ന് ഡിടിപിസി ജെട്ടിയിൽ എത്തണം. വള്ളംകളി കാണാൻ ബോട്ട് ഉൾപ്പെടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ 10ന് മുമ്പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. കനാലിലേക്കും കായലിലേക്കും പ്ലാസ്‌റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ 10ന് ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല.
അതേസമയം, നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.