പാലാ: കടപ്പാട്ടൂർ ബൈപാസിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചരെ പിന്തുടർന്ന് പിടികൂടിയ കുട്ടപ്പായിക്ക് ( സാജു അബ്രഹാം) ഐക്യദാർഢ്യവുമായി ജനനായകർ.എം എൽ എ മാണി സി കാപ്പൻ, ജോസ് കെ മാണി എന്നിവരാണ് നാടിൻ്റെ കാവലാൾക്ക് പിന്തുണ അറിയിച്ചത്.
മന്ത്രി റോഷി അഗസ്റ്റിനാവട്ടെ പൊൻകുന്നം യാത്രക്കിടെ പന്ത്രണ്ടാം മൈലിലുള്ള കടയിൽ നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.അനുകരണീയ മാതൃകാ എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വിശേഷിപ്പിച്ചത്.ഷിജി നാഗനൂലിലും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ചേർത്തല പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേർ ലോറിയിൽ വന്ന് കക്കൂസ് മാലിന്യം കടപ്പാട്ടുർ ബൈപാസിൽ നിക്ഷേപിച്ചത് .കഴിഞ്ഞ കുറെ നാളുകളായി കടപ്പാട്ടൂർ ബൈപാസിൽ കക്കൂസ് മാലിന്യം രാത്രിയുടെ മറവിൽ നിക്ഷേപിച്ചപ്പോൾ നാട്ടുകാരും ,ക്ഷേത്ര ദർശന വിശ്വാസികളും ജാഗരൂകരായി.അവർ ഓരോ ദിവസവും വാട്ട് സാപ്പ് ഗ്രൂപ്പിലൂടെ നിരീക്ഷണ വിവരങ്ങൾ കൈമാറി കൊണ്ടിരുന്നു.
ഒരു ദിവസം ഇരുട്ടിൻ്റെ മറവിൽ ഒരു ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട കുട്ടപ്പായിയും ,ഫോട്ടോഗ്രാഫർ രാജീവും അടുത്ത് ചെന്നപ്പോൾ ലോറിയുമെടുത്ത് സ്ഥലം വിടുകയായിരുന്നു. അവരുടെ വാഹനത്തെ ഇടിപ്പിക്കാനും ലോറിക്കാർ ശ്രമം നടത്തി. ഉടനെ തന്നെ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവനെ വിവരം അറിയിക്കുകയുo ,പിന്തുടരുന്ന സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കുകയുമായിരുന്നു. ഒടുവിൽ മെഡിക്കൽ കോളേജ് ഗാന്ധി നഗർ വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
എല്ലാ സ്റ്റേഷനുകളിലേയും പോലീസ് ഒരേ സമയം ജാഗ്രത പാലിച്ചതിനാലാണ് ഈ മാലിന്യ മാഫിയയെ പിടികൂടുവാൻ കഴിഞ്ഞത്.കുട്ടപ്പായി എന്ന സാജു അബ്രഹാം നടത്തിയത് ധീരമായ ഇടപെടലാണെന്നും ഇത്തരത്തിലുള്ള നിരീക്ഷകരിലൂടെയെ ഇത്തരം കുറ്റ കൃത്യങ്ങൾ തടയാനാകൂ എന്നും ജനപ്രതിനിധികളായ പൊതു പ്രവർത്തകർ അഭിപ്രായപ്പെട്ടു.
അതെ സമയം കഴിഞ്ഞ ദിവസങ്ങളിൽ കടയം ഭാഗത്തെ തോട്ടിലും കക്കൂസ് മാലിന്യം നിക്ഷേപിച്ചതായി പരാതി ഉയർന്നു.നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടാക്കുവാനുള്ള പരിശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ കോട്ടയം മീഡിയയെ അറിയിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ