ഡാളസ്/തിരുവല്ല:2025ൽ നടക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഗാർലാൻഡ് ഡിസ്ട്രിക്ട് 3മേയർ സ്ഥാനത്തേക്ക് തിരുവല്ല കവിയൂർ വള്ളംകുളം സ്വദേശിയും നിലവിൽ ഗാർലാന്റ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മീഷണറുമായ ശ്രീ പി സി മാത്യു മത്സരിക്കുകയാണ്
ഡാളസിലെ സാമൂഹ്യ രംഗത്ത് 2005മുതൽ സജീവ സാന്നിധ്യമായ ശ്രീ പി സി മാത്യു ഇർവിങ്ങ് എമറാൾഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായി രണ്ടു തവണ സേവനം അനുഷ്ഠിച്ചു.ഗാർലന്റ് ഷോഷ്സ് ഓഫ് വെല്ലിംഗ്ടൺ കമ്യൂണിറ്റി ബോർഡ് അംഗമായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ശ്രീ പി സി മാത്യുവിന് നിലവിൽ ബോർഡ് പ്രസിഡന്റായി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.കൂടാതെ റസ്റ്റിക് ഓക്സ് കമ്യൂണിറ്റി വൈസ് പ്രസിഡന്റായും സേവനം ചെയ്യുന്നു.
വിദ്യാർത്ഥി ആയിരിക്കെ തന്നെ പൊതു പ്രവർത്തന രംഗത്തു കടന്നു വന്ന ശ്രീ പി സി മാത്യു മല്ലപ്പള്ളി തുരുത്തിക്കാട് ബി എ എം കോളജിൽ നിന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം, ബഹറിൻ ഇന്ത്യൻ സ്ക്കൂൾ ബോർഡ് മെമ്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു
ഡാളസിലെ മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക കൂടിവരുവുകളുടെ മുഖ്യ സംഘാടകനും നിറസാന്നിധ്യവുമായ ശ്രീ പി സി മാത്യു തന്റെ സുദീർഘമായ പ്രവാസ ജീവിതത്തിനിടയിലും ജന്മനാടിനേയും നാട്ടുകരേയും നെഞ്ചേറ്റി സൂക്ഷിക്കുന്നുണ്ട് എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്
തന്റെ കൂടി നേതൃത്വത്തിൽ രൂപീകരിച്ച ഗ്ളോബൽ ഇന്ത്യൻ കൗൺസിൽ എന്ന ഇന്ത്യക്കാരുടെ നെറ്റ് വർക്ക് സംഘടന വഴി കേരളത്തിലും കേരളത്തിനു വെളിയിലും ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നത് അദ്ദേഹത്തിന് ജന്മനാടിനോടും രാജ്യത്തോടുള്ള സ്നേഹത്തെ വ്യക്തമാക്കുന്നു