“ന കൃതം സുകൃതം കിഞ്ചിൽ
ബഹുധാ ദുഷ്കൃതം കൃതം ;
ന ജാനേ ജാനകി ജാനേ
യമാഹ്വാനെ കിമുത്തരം”
രാമപുരത്ത് വാര്യരുടെ സ്മൃതി മണ്ഡപത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഈ വരികളുടെ സാരാംശം പ്രമോദ് സാർ വിശദീകരിച്ചു കൊടുത്തപ്പോൾ കുട്ടികളുടെ കണ്ണുകളിൽ തിളക്കം.
വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ രാമപുരത്ത് വാര്യർ മെമ്മോറിയൽ സ്കൂൾ സന്ദർശിച്ചപ്പോളായിരുന്നു ഇത്. സ്കൂൾ അങ്കണത്തിലുള്ള രാമപുരത്ത് വാര്യർ സ്മൃതി മണ്ഡപത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു. മലയാള സാഹിത്യ തറവാട്ടിലെ മുതുമുത്തച്ഛൻ ആയ രാമപുരത്ത് വാര്യരെ കുറിച്ചുള്ള ഐതിഹ്യങ്ങളും വാമൊഴിയായി പകർന്നുവന്ന കഥകളും സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ ടീച്ചറും പ്രമോദ് സാറും കുട്ടികൾക്ക് പകർന്നു കൊടുത്തു. വഞ്ചിപ്പാട്ടും വായ്ത്താരിയും നതോന്നത വൃത്തവും എന്തെന്ന് രേഖ ടീച്ചർ വിശദീകരിക്കുകയും കുട്ടികളെ കൊണ്ട് “തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക…..” എന്ന വായ്ത്താരി ചൊല്ലിക്കുകയും ചെയ്തു. തുഞ്ചൻപറമ്പ് പോലെ വാര്യംപറമ്പിലും ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണെന്നും അധ്യാപകർ അറിയിച്ചു.
ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ – ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ പ്രിയ സെലിൻ തോമസ്, രാഹുൽ ആർ, മദർ പി ടി എ അംഗങ്ങളായ ജിജി ഫിലിപ്പ്, ബിജി എന്നിവർ നേതൃത്വം നൽകി.