പാലാ :പോണാട് :ഒന്നര കിലോമീറ്റർ നീളത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ടിപ്പറിന്റെ ഘോഷയാത്ര നടന്നിട്ടും കരൂർ പഞ്ചായത്ത് അധികാരികൾക്ക് ഒന്നും അറിയത്തില്ല .സ്ഥലം പഞ്ചായത്ത് മെമ്പറുടെ വീടിനു മുന്നിലൂടെ ടിപ്പർ ലോറികൾ നിരനിരയായി കിടന്നു ഗതാഗത സ്തംഭനമുണ്ടായിട്ടും അധികാരികളോ ;സ്ഥലം മെമ്പറോ ഒന്നും കണ്ടില്ല.കേട്ടിട്ടുമില്ല.
രണ്ടാഴ്ചയായി മുപ്പതോളം ടിപ്പറുകളിൽ മണ്ണെടുത്തു കൊണ്ട് കരൂർ പഞ്ചായത്തിലെ അല്ലപ്പാറയിൽ മണ്ണ് മാഫിയ വിളയാടിയിട്ടും കരൂർ പഞ്ചായത്ത് അധികൃതർക്ക് നിസ്സംഗതയാണ്.പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിലാണ് മണ്ണ് മാഫിയ രണ്ടാഴ്ചക്കാലം മുപ്പതോളം ടിപ്പറുകളുമായി വിളയാടിയത്.പഞ്ചായത്തിന്റെ റോഡ് പ്രധാന വഴിയോട് ചേർന്ന് ഒരടിയോളം താഴ്ന്നിട്ടുണ്ട്.
22 ടൺ ലോഡുമായി പാഞ്ഞ ടിപ്പറിന്റെ തിരുവിളയാടൽ കാരണം റോഡ് പലയിടത്തും നെടുകെ വിണ്ടു കീറി.അതൊന്നും പഞ്ചായത്ത് അധികൃതർ അറിഞ്ഞ മട്ട് കാണിച്ചില്ല.റോഡ് തകർന്നിട്ട് വേണമല്ലോ അടുത്ത ഫണ്ടിൽ റോഡ് മെയിന്റൻസ് നടത്തുവാൻ.കഴിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് കോൺക്രീറ്റ് റോഡിനു മുകളിൽ ടാർ ചെയ്യുവാൻ ശ്രമിച്ചതും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്വാങ്ങിയതുമായ വിവാദ റോഡാണ് അല്ലപ്പാറ ചൂരനോലി പഞ്ചായത്ത് റോഡ്.
റോഡിലെ പൊടിശല്യം കാരണം അടുത്തുള്ള താമസക്കാർക്ക് തുമ്മൽ ;അലർജി തുടങ്ങിയ രോഗങ്ങളും ഉണ്ടെങ്കിലും എല്ലാവരും സഹിക്കുകയാണ് .റോഡിന്റെ ഇരു വശങ്ങളും ഇടിഞ്ഞു താണിട്ടുണ്ട് അതൊക്കെ നന്നാക്കി തരാം ;ഫയർ ഫോഴ്സ് ചീറ്റിക്കുന്നപോലെ വെള്ളം ചീറ്റിച്ച് റോഡ് കഴുകുമെന്നു മണ്ണ് മാഫിയ ഉറപ്പ് പറഞ്ഞെങ്കിലും അതൊന്നും പാലിക്കാൻ അവർ കൂട്ടാക്കുന്നില്ല .എല്ലാ കേന്ദ്രങ്ങളിലും പണം കൊടുത്തു കെട്ടിയിരിക്കുകയാണെന്നു നാട്ടുകാർ വ്യാപക ആക്ഷേപം ഉന്നയിക്കുന്നുണ്ട് .
എന്നാൽ ഇതൊന്നുമായിട്ടില്ല ഇനിയും വർധിത വീര്യത്തോടെ ഞങ്ങൾ ഇനിയും മണ്ണ് കടത്തും;രാഷ്ട്രീയ പാർട്ടികളെ ഞങ്ങൾ കെട്ടിയിട്ടുണ്ട് എന്ന് മണ്ണ് മാഫിയ പ്രഖ്യാപിച്ചിട്ടുണ്ട് .ഇനിയും ഗുണ്ടായിസവുമായി വന്നാൽ ടോറസുകൾ തടയാൻ തന്നെ ഒരുങ്ങുകയാണ് നാട്ടുകാർ.