Entertainment

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഒ ഐ സി സി (യു കെ); ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും, വിളമ്പിയത് ഇരുന്നുറോളം പേരുടെ ഓണസദ്യ; ആതിഥേയത്വം വഹിച്ചു ഇപ്സ്വിച്ച് യൂണിറ്റ്

Posted on

 

റോമി കുര്യാക്കോസ്

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭീരമായി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഭദ്രദീപം തെളിച്ചു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സംഘടനയുടെ ഇപ്സ്വിച്ച് യൂണിറ്റാണ് ഉത്രാട ദിവസം കൊണ്ടാടിയ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയും ഇപ്സ്വിച്ച് യൂണിറ്റ് കമ്മിറ്റിയും പുനസംഘടിപ്പിക്കപ്പെട്ടതിനു ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ഓണാഘോഷ പരിപാടിക്കുണ്ടായിരുന്നു.

താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അലങ്കരിച്ച വേദിയും മെഗാ പൂക്കളവും പകർന്ന ദൃശ്യ വിസ്മയം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

വയനാട് പ്രകൃതി ദുരന്തത്തിനിരയായവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ ഒ ഐ സി സി (യു കെ) ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ കെ ജി ജയരാജ്‌ ആമുഖവും ഇപ്സ്വിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി സ്വാഗതവും ആശംസിച്ചു.

ഉദ്ഘടന പ്രസംഗത്തിൽ സംഘടനാ കൂട്ടായ്മകളിൽ ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന സ്നേഹം ഐക്യം എന്നിവയുടെ പ്രസക്തി എടുത്തു പറഞ്ഞു. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ ഇപ്സ്വിച്ച് യൂണിറ്റിനെ നാഷണൽ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും അറിയിച്ചു.

തുടർന്നു, ഒ ഐ സി സി (യു കെ) വർക്കിംഗ്‌ പ്രസിഡന്റ്‌ അപ്പ ഗഫൂർ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള, നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ സി നടരാജൻ,
ബേബി ലൂക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഒ ഐ സി സി (യു കെ) ഇപ്സ്വിച്ച് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ 200 – ഓളം പേർ ഒരുമിച്ചിരുന്നു അസ്വദിച്ചത് പുത്തൻ അനുഭവം പകർന്നു . യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ കൊഴുപ്പ് വർധിപ്പിച്ചു. പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട്‌ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ലേലം, പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു.

അവതരണം കൊണ്ടു സദസ്സിന്റെ പ്രശംസ നേടുകയും ഓണസദ്യവട്ടങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത കെ ജി ജയരാജ്‌, പ്രോഗ്രാം കോർഡിനേറ്റർ വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ. സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്‌, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച സ്പോൺസമാരായ
ഷൈനു ക്ലെയർ മാത്യൂസ് (ടിഫിൻ ബോക്സ്‌, കവന്ററി), ജിജോ സെബാസ്റ്റ്യൻ (വൈസ് മോർട്ഗേജ് ആൻഡ് ഇൻഷുറൻസ്), മാത്യു തോമസ് (കേരള സ്റ്റോർ, ഇപ്സ്വിച്ച്), മാവേലിയുടെ വേഷ പകർച്ച ഗംഭീരമാക്കിയ ജീനീഷ് ലൂക്ക, പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് പ്രസിഡന്റ്‌ ബാബു മങ്കുഴിയിൽ രേഖപ്പെടുത്തി.

പരിപാടിയോട് അനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഷൈനു ക്ലെയർ മാത്യൂസ്, അപ്പ ഗഫൂർ, അഷ്‌റഫ്‌ അബ്ദുള്ള, റോമി കുര്യാക്കോസ് എന്നിവർ നിർവഹിച്ചു. പരിപാടിയിൽ സാന്നിധ്യമറിയിച്ച നാഷണൽ കമ്മിറ്റി ഭാരവാഹികൾക്കുള്ള ഓണസമ്മാനം ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികൾ നൽകി. കലാവിരുന്നുകളിൽ പങ്കാളികളായ കൊച്ചു മിടുക്കർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും കരുതിയിരുന്നു.വെകുന്നേരം ആറുമണിയോടു കൂടി ദേശീയ ഗാനത്തോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version