പാലാ: ഇന്നലെ മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കുരുക്കുവാൻ 5 ലക്ഷം രൂപാ മുടക്കി ക്യാമറകൾ മുത്തോലി പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം ജനകീയ ക്യാമറയിൽ കുരുങ്ങിയ കക്കൂസ് മാലിന്യം വഴിയോരത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ അഭിപ്രായപ്പെട്ടു.
ഇന്നലെ കക്കൂസ് മാലിന്യം കടപ്പാട്ടൂർ ബൈപാസിലെ കൂട്ടിയാനി ഭാഗത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിൻതുടർന്ന് പിടികൂടിയിരുന്നു. മഹസർ തയ്യാറാക്കാനായി വന്ന പാലാ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മീഡിയാ അക്കാഡമിയുമായി സംസാരിക്കുകയായിരുന്നു രഞ്ജിത് ജി മീനാ ഭവൻ.
ഇവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് മുത്തോലി പൗരാവലിയുടെ ആവശ്യമെന്നും, വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ യ്ക്ക് കത്ത് നൽകുമെന്നും രഞ്ജിത് ജി മീനാഭവൻ പറഞ്ഞു .സ്ഥലം വാർഡ് മെമ്പർ സിജുവും സന്നിഹിതനായിരുന്നു.മാലിന്യം തള്ളിയ സ്ഥലത്തിനടുത്തായി കുടിവെള്ള പദ്ധതിയുടെ ടാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടപ്പാട്ടുർ വാർഡ് മെമ്പർ സിജു പറഞ്ഞു.