Kerala
നവ കേരളാ സദസ്സിന് എം പി യെ ആക്ഷേപിച്ചു ഇപ്പോഴിതാ ഭരണങ്ങാനത്ത് പിന്നിൽ നിന്നും കുത്തി സിപിഐ(എം);കൂടെ സിപിഐ യും
കോട്ടയം :നവ കേരളാ സദസ്സിൽ എം പി തോമസ് ചാഴിക്കാടനെ പരസ്യമായി ആക്ഷേപിച്ച് പ്രസംഗം നിർത്തിച്ചവർ ;ഭരണങ്ങാനത്തെത്തിയപ്പോൾ കേരളാ കോൺഗ്രസ് എമ്മിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തി . ഇപ്രാവശ്യം പിന്നിൽ നിന്നും കുത്താൻ വല്യേട്ടനോടൊപ്പം ;ചെറിയേട്ടനും കൂടി എന്നുള്ള വ്യത്യാസം മാത്രം .
അത് പിന്നെ ചെറിയേട്ടൻ എപ്പോഴും വലിയേട്ടൻ പറയുന്നതേ കേൾക്കൂ .വലിയേട്ടൻ ദേശാഭിമാനി പത്ര പിരിവ് തുടങ്ങിയപ്പോൾ ചെറിയേട്ടനും ജനയുഗം പിരിവ് തുടങ്ങി.സൂചി പോകുന്നതിന്റെ പിറകെ നൂലും ഉണ്ടെന്നു പറയുന്ന പോലെ വലിയേട്ടൻ സംസ്ഥാന സമ്മേളനം തുടങ്ങിയാൽ ഉടനെ ചെറിയേട്ടനും സംസ്ഥാന സമ്മേളനം തുടങ്ങും.അതുപോലെയാണ് ഭരണങ്ങാനം പഞ്ചായത്തിലും ഇന്ന് നടന്ന തെരെഞ്ഞെടുപ്പിൽ കണ്ടത് .
ആകെ കക്ഷി നില കോൺഗ്രസ് ആറ് ;അതിലൊന്ന് ജോസഫ് കാരി ആണെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ അവർ കോൺഗ്രസാണ് .മാണീ ഗ്രൂപ്പ് രണ്ട് ;സിപിഐഎം ഒന്ന് ;സിപിഐ ഒന്ന് ;സ്വതന്ത്രർ രണ്ട് .പക്ഷെ രണ്ടു ദിവസം മുൻപേയുള്ള കളി കോൺഗ്രസുകാരിലെ മുൻ മുമ്പത്തി വോട്ട് അസാധു ആക്കും ;രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെ ആറ് വോട്ടു നേടി മാണീ ഗ്രൂപ്പിലെ സുധാ ഷാജി പ്രസിഡണ്ട് ആവും എന്നായിരുന്നു.
പക്ഷെ കോൺഗ്രസ് ഡി സി സി നേതാവ് പൊരിയത്തെ ടോമിയുടെ സ്‌കഡ് മിസൈൽ ആക്രമണത്തിൽ എൽ ഡി എഫിന്റെ സംഭരണ ശാലകൾ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത് .സിപിഐ(എം) മെമ്പറായ വനിതയെ ഉടലോടെ തന്നെ പൊക്കി സ്ഥലം മാറ്റി.ഭർത്താവും ;മക്കളുമൊന്നിച്ചാണ് രണ്ടു ദിവസം മുൻപ് സ്ഥലം കാലിയാക്കിയത് .ഇത് കണ്ട സിപിഐ മെമ്പർക്കും ഇരിപ്പുറച്ചില്ല അവർ അങ്കമാലി ആശുപത്രിയിൽ നിന്നും ഇന്നലെ വന്നെങ്കിലും ഇന്ന് രാവിലെ വലിയേട്ടൻ പോയ വഴിയേ അവരും മുങ്ങി.മുങ്ങിയ അവർ ചില്ലറക്കാരിയൊന്നുമല്ല.
സിപി ഐ യുടെ കോട്ടയം ജില്ലാ കമ്മിറ്റി മെമ്പറാണ് അവർ.ഇടതു പക്ഷ ഐക്യം ഊട്ടി ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത വി ബി ബിനു മുതൽ ;ബിനോയി വിശ്വം വരെ അവരെ ഫോണിലൂടെ പറഞ്ഞു മനസിലാക്കി;എല്ലാത്തിനും അവർ യെസ് മൂളി .പക്ഷെ നേരം വെളുത്തപ്പോൾ അവർ കേരളാ അതിർത്തി കടന്നു.കുഞ്ഞാണ്ട കോൺഗ്രസുകാർ മൊബൈലിൽ വിളിച്ചെങ്കിലും തമിഴിലാണ് മറുപടി വന്നത്.നീങ്കൾ വിളിച്ച നമ്പർ സ്വിച്ച് ഓഫ് ആയിരിക്കിറത്.കുഞ്ഞാണ്ടന്മാർ വീണ്ടും വലിയേട്ടൻ മെമ്പറെ വിളിച്ചപ്പോൾ അവിടെയും തമിഴിലാണ് മൊഴിഞ്ഞത് .അതോടെ സ്വതന്ത്രന്മാരും കുഞ്ഞാണ്ടന്മാരുമായുള്ള കൂട്ടുവെട്ടി.
ബിജെപി സ്റ്റൈലിലുള്ള ഓപ്പറേഷൻ കണ്ട് അമ്പരന്ന രണ്ടു സ്വതന്ത്രരും അതോടെ വീട്ടിൽ കയറി ഇരിപ്പുറച്ചു.ഞങ്ങൾ ആരോടും കൂട്ടിനില്ല എല്ലാരോടും കൂട്ട് വെട്ടി എന്നാണവർ പറഞ്ഞു കൊണ്ടിരുന്നത് .വോട്ടെടുപ്പിൽ പങ്ക് കൊണ്ടില്ലെങ്കിലും അവർ രണ്ടു പേരും പഞ്ചായത്താഫീസിൽ വന്നിരുന്നു . അതോടെ രണ്ടു മാണീ ഗ്രൂപ്പുകാർ മാത്രമായി അവർ പഞ്ചായത്താഫീസിൽ വന്നു. ജോസുകുട്ടി സധൈര്യമായാണ് വന്നത് . സുധാ ഷാജിക്കും സങ്കോചമൊന്നും ഉണ്ടായില്ല .എന്നാൽ ബിജെപി മെമ്പർ രാഹുൽ വളരെ കൂളായി തന്നെ സഭാ ഹാളിൽ നേരത്തെ തന്നെ ഇരിപ്പുറച്ചു .ഇതല്ല ഇതിലപ്പുറവും ചാടി കടന്നവനാണീ കെ കെ തോമസ് എന്ന മട്ടിലായിരുന്നു അദ്ദേഹം .
പിന്നെയെല്ലാം പെട്ടെന്നായിരുന്നു ആറ് വോട്ടിന് ബീനാ ടോമി വിജയിച്ചു.ലഡ്ഡു വന്നു ആർപ്പ് വിളി വന്നു.അപ്പോൾ കോട്ടയം മീഡിയയ്‌ക്കൊരു ചോദ്യമുണ്ട് .എന്തിനാ നവ കേരളാ സദസ്സിൽ വലിയേട്ടൻ ചാഴിക്കാടനെ അപമാനിച്ചത് ഇടതുപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനാണോ ,,? ഭരണങ്ങാനത്തും ഇടതു പക്ഷ ഐക്യം ഊട്ടി ഉറപ്പിക്കുകയായിരുന്നല്ലോ ചെറിയേട്ടനും വലിയേട്ടനും കൂടി.എന്നാലുമെന്റെ പിള്ളേച്ചാ ആ സുധാ ഷാജിയോട് ഈ ചതി വേണ്ടായിരുന്നു .
ചിത്രം :മെമ്പർമാരായ ജെസ്സി ജോസ്(cpm) ;അനുമോൾ ബാബു (cpi)
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ