Kerala

നവീകരിച്ച അതിരമ്പുഴ ജംഗ്ഷന്റെയും അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന്റെയും ഹോളിക്രോസ് റോഡിന്റെയും പൂർത്തീകരണ ഉദ്ഘാടനം അതിരമ്പുഴ ജംഗ്ഷനിൽ നടന്നു

Posted on

കോട്ടയം : മൂന്നേകാൽ വർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ്.നവീകരിച്ച അതിരമ്പുഴ ജംഗ്ഷന്റെയും അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന്റെയും ഹോളിക്രോസ് റോഡിന്റെയും പൂർത്തീകരണ ഉദ്ഘാടനം അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ നേട്ടമാണ് അതിരമ്പുഴ ജംഗ്ഷൻ നവീകരണം. കോട്ടയം മെഡിക്കൽ കോളേജ്, എംജി സർവ്വകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴിയിലെ അതിരമ്പുഴ ജംഗ്ഷനിൻ്റെ നവീകരണം ദീർഘകാലമായി നാടിൻ്റെ ആവശ്യമായിരുന്നു. അതിരമ്പുഴ ജംഗ്ഷന്റെ വികസനം നാടിൻ്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സഹകരണ -തുറമുഖ -ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി സംഘടിപ്പിച്ച ശില്പശാലയിൽ ഏറ്റവും ആദ്യം ഉയർന്നു വന്ന ആവശ്യങ്ങളിലൊന്ന് അതിരമ്പുഴ ജംഗ്ഷന്റെ നവീകരണമായിരുന്നു. മൂന്നുവർഷം പൂർത്തിയായപ്പോൾ അന്ന് ശില്പശാലയിൽ ഉയർന്നുവന്ന കാര്യങ്ങളിൽ 90 ശതമാനവും പൂർത്തീകരിക്കാനായി എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ആട്ടുകാരൻ കവലയിൽ നടന്ന ചടങ്ങിൽ നാട മുറിച്ച് മന്ത്രി റോഡ് നാടിന് സമർപ്പിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ ഘോഷയാത്രയുടെയും വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെയാണ് മന്ത്രിയും ജനപ്രതിനിധികളും ഉദ്ഘാടന വേദിയിലേക്കെത്തിയത്.
ആറു മീറ്റർ വീതിയുണ്ടായിരുന്ന അതിരമ്പുഴ ജംഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്റർ നീളത്തിലുമാണ് നവീകരിച്ചത്. 86 ഭൂ ഉടമകളിൽ നിന്ന് സ്ഥലം വില നൽകി ഏറ്റെടുത്താണ് റോഡ് നവീകരണം സാധ്യമാക്കിയത് . 1.74 കോടി രൂപ നിർമ്മാണ പ്രവർത്തികൾക്കും 7.06 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും വകയിരുത്തിയിരുന്നു.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അതിരമ്പുഴ ജംഗ്ഷനെയും ഏറ്റുമാനൂർ -വെച്ചൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരൻ കവല റോഡ് തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഏറ്റെടുത്താണ് പൊതുമരാമത്ത് വകുപ്പ് 4.45 കോടി രൂപ ചെലവിട്ട് ബി എംബിസി നിലവാരത്തിൽ നവീകരിച്ചത്. എംസി റോഡിനെയും പഴയ എംസി റോഡിന് ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡ് ആയ ഹോളിക്രോസ് റോഡും ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തി ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു.

എം. പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് , ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് അമ്പലക്കുളം, വി.കെ. പ്രദീപ്,
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് കുര്യൻ,
ആൻസ് വർഗീസ് , അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗളായ ബേബിനാസ് അജാസ്, ജോഷി ഇലഞ്ഞിയിൽ , ഫസീന സുധീർ, സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ,പൊതു മരാമ ത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ,അതിരമ്പുഴ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുണ്ടകത്തിൽ,

കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൻ പള്ളി വികാരി ഫാ. മാണി പുതിയിടം, കെ.ഇ. സ്കൂൾ മാന്നാനം പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി , ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് യാസിൻ ബാഖവി , സംഘടനാ ഭാരവാഹികളായ ദ്വാരകാനാഥ്, കെ സജീവ് കുമാർ, കെ ആർ വിനോദ് കുമാർ, പി വി മൈക്കിൾ, ജോയ്സ് ആൻഡ്രൂസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, ജോസ് ഇടവഴിക്കൽ,രമേശൻ, സംഘാടക സമിതി കൺവീനർ പി എൻ സാബു എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version