Politics
രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർവൺ ഭീകരവാദി;രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു: കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ രാജ്യത്തെ നമ്പർവൺ ഭീകരവാദി എന്ന് അധിക്ഷേപിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് സിങ് ബിട്ടു. അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ സിഖ് മതസ്ഥരെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് പ്രതികരണം. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന നിലയ്ക്ക് രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞു.
‘ആദ്യം അവർ മുസ്ലിംകളെ ഉപയോഗിക്കാൻ നോക്കി. അത് നടക്കാതെ വന്നതോടെ ഇപ്പോൾ സിഖുകാരെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. രാജ്യത്തെ ഭീകരവാദികളാണ് രാഹുൽ നടത്തിയതുപോലെയുള്ള പ്രസ്താവനകൾ മുമ്പ് നടത്തിയിട്ടുള്ളത്.
ഭീകരവാദികളായിട്ടുള്ളവർ രാഹുലിന്റെ പ്രസ്താവനയെ അഭിനന്ദിക്കും. അങ്ങനെയുള്ളവർ രാഹുലിനെ പിന്തുണയ്ക്കുമ്പോൾ, അദ്ദേഹമാണ് രാജ്യത്തെ നമ്പർ വൺ തീവ്രവാദി’- രവ്നീത് സിങ് ബിട്ടു പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന ബിട്ടു 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ബിജെപിയിലേക്ക് കളംമാറിയത്.