കാഞ്ഞങ്ങാട്ട്: ഉത്രാട ദിനത്തിൽ മരണപ്പെട്ടവർ കോട്ടയത്തുനിന്നും വിവാഹത്തിനെത്തിയർ. രാത്രി 7.10 ഓടെയായിരുന്നു അപകടം. റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തു കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കാത്തങ്ങാട് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ ഹിസാർ ട്രെയിനാണ് മൂവരെയും തെറിപ്പിക്കുകയായിരുന്നു. ചിന്നമ്മ (68), അലീന തോമസ് (63), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്.
ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിൽതന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെയാണ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്ഫോമിലെത്തി. ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവർ പറഞ്ഞതിനെത്തുടർന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ഇടിച്ചാണ് അപകടം.
കോട്ടയം സ്വദേശി ബിജു ജോർജിന്റെ മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബങ്ങൾ. കോട്ടയം ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും വിവാഹത്തിന് പങ്കെടുക്കുവാൻ ആണ് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിൽ 50 പേരുള്ള ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം.
ചിന്നമ്മയുടെ ഭർത്താവ്: പി.എ.ഉതുപ്പായ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥുൻ, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി കഴിഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി ഹൊസ്‌ദുര്‍ഗ് സിഐ പി അജിത് കുമാര്‍ പറഞ്ഞു. ഹൊസ്‌ദുര്‍ഗ് പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റാനുള്ള ശ്രമത്തിലാണ്.