അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കൾ അറിയിച്ചു. നിലവിൽ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കിൽ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും ചർച്ച ചെയ്തേക്കാം. തല്ക്കാലം താല്‍ക്കാലിക ചുമതലയാകും ഒരാൾക്ക് നൽകുകയെന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. നിലവില്‍ മൃതദേഹം എയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 11 മണി മുതല്‍ 3 മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.