Kerala

കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകൾക്ക് ഉയരം കൂട്ടും ഫ്രാൻസിസ് ജോർജ് എം.പി

Posted on

 

കോട്ടയം: – കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

അനേക വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾ നിരന്തരമായി ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടണമെന്ന ‘ആവശ്യം ഉന്നയിച്ചിരുന്നു.
കുമാരനല്ലൂരിലെ ഒരു പ്ലാറ്റ്ഫോമിൻ്റെയും മുളന്തുരുത്തി സ്റ്റേഷനിലെ രണ്ട് പ്ലാറ്റ് ഫോമുകളുടെയും കാഞ്ഞിരമറ്റം സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമുകളുടെയും ഉയരമാണ് കൂട്ടുന്നത്.
ഈ മൂന്നു സ്റ്റേഷനുകളിലെയും പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടാൻ 3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2 വർഷമാണ് നിർമ്മാണ കാലാവധിയെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരമറ്റം ജുമാ മസ്ജിദിലെ ചന്ദനക്കുടം ആഘോഷങ്ങളുടെ ഭാഗമായി റയിൽവേ സ്റ്റേഷനിൽ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് പ്ലാറ്റ് ഫോമിൻ്റെ ഉയരക്കുറവ് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ മസ്ജിദ് ഭരണസമിതിയും മറ്റ് വിവിധ സംഘടനകളും ശ്രദ്ധയിൽ പെടുത്തിയിരുന്നതായും ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

അപകടങ്ങൾ തുടർക്കഥ ആയിരിക്കുന്ന കുമാരനല്ലൂർ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൻ്റെ ഉയരം കൂട്ടണമെന്നുള്ള യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് ഈ പ്രവൃത്തിയിലൂടെ പരിഹാരം ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വഞ്ചിനാട് എക്സ്പ്രസ് പോലെയുള്ള ദീർഘദൂര ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനായ മുളന്തുരുത്തിയിലെ പ്ലാറ്റ് ഫോമിൻ്റെ ഉയരക്കുറവ് യാത്രക്കാർക്ക് വളരെ പ്രയാസം ഉണ്ടാക്കിയിരുന്നു. മുളന്തുരുത്തി സ്റ്റേഷനിൽ റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് റയിൽവേ അധികൃതരുമായി ചർച്ച നടത്തുമെന്നും ഫ്രാൻസിസ് ജോർജ് അറിയിച്ചു.
പ്ലാറ്റ് ഫോമുകൾ ഉയർത്തുന്ന പ്രവർത്തികളുടെ ടെൻഡർ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version