ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് ചുക്കനാനിയിൽ വീട്ടിൽ ജഗൻ ജോസ് (42), എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 19 ആം തീയതി രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ പോലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറിൽ എത്തുകയും പോലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്തി പരിശോധന നടത്തുന്നതിനിടെ ഇവർ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തി ഇവർ വാഹനവുമായി കടന്നുകളയുകയുമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലില്‍ പ്രവീൺ രാജു (32), ക്രിസ്റ്റിൻ.സി ജോസഫ്(27) എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസിൽ എ.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ, കിടങ്ങൂർ,കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.