Kerala
ചെണ്ടുമല്ലിപ്പൂക്കളുടെ പൊൻവസന്തം ഒരുക്കി പന്തളം നഗരസഭ
പന്തളം : പന്തളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ച് ഓറഞ്ചും, മഞ്ഞയും നിറത്തിൽ വർണ്ണശോഭയോടെ നിറഞ്ഞുനിന്ന് ചെണ്ടുമല്ലിപ്പൂക്കൾ. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗര ശുചീകരണ തൊഴിലാളികൾ ആണ് നഗരസഭ മാലിന്യസംഭരണ കേന്ദ്രത്തിൽ പച്ചക്കറി – ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. പന്തളം കൃഷിഭവന്റെ സഹായത്തോടെ ആണ് നഗരസഭ പന്തളത്ത് പുഷ്പവസന്തം തീർത്തിരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗമാണ് മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി കൃഷി ചെയ്യാൻ തയ്യാറാക്കിയത്.
പൂക്കൾ കൂടാതെ ഈ തോട്ടത്തിൽ പച്ചമുളക്, വഴുതന, ചീനി തുടങ്ങി വിവിധ ഇനം പച്ചക്കറികളും സൗന്ദര്യം തുളുമ്പി നിൽക്കുന്നു. നഗരസഭ ശുചീകരണ തൊഴിലാളികളും, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരും(ഗ്രേഡ് 2) ചേർന്നാണ് ഇതിനെ പരിപാലിച്ചത്. ചിങ്ങപ്പുലരിയിൽ തന്നെ കൃഷിയുടെ വിളവെടുപ്പ് നടത്താൻ സാധിച്ച സന്തോഷത്തിലാണ് നഗരസഭ ജീവനക്കാരും ഭരണസമിതിയും. നല്ല സൂര്യപ്രകാശമുള്ളതും, വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലം തിരഞ്ഞെടുത്താണ് ജൂൺ മാസം മുതൽ കൃഷി ആരംഭിച്ചത്. നഗരസഭ തുമ്പൂർമൂഴിയിൽ ഉണ്ടാക്കുന്ന വളം മാത്രമാണ് ഈ കൃഷിക്ക് ഉപയോഗിച്ചിട്ടുള്ളത്.
നല്ലയിനം ഹൈബ്രീഡ് തൈകൾ നട്ട് കണ്ണിന് കുളിർമ പകരുന്ന കാഴ്ച കൂടിയാണ് നഗരസഭ പന്തളത്ത് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിൽ മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട്ടിലും ചെണ്ടുമല്ലി കൃഷി സാധിക്കും എന്ന സന്ദേശം കൂടിയാണ് പന്തളം നഗരസഭ നാടിന് നൽകുന്നത്. അലങ്കാരപുഷ്പം എന്നപോലെ തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന പൂക്കളുടെ സത്ത് സുഗന്ധവസ്ഥുക്കളുടെ നിർമ്മാണത്തിനും ഭക്ഷണപാദാർത്ഥങ്ങൾക്ക് നിറം പകരുവാനും ഉപയോഗിക്കുന്നു. നിറഞ്ഞ സന്തോഷത്തോടെയും, അഭിമാനത്തോടെയും ആണ് ഇവിടെ കൃഷി ചെയ്യുന്നതെന്ന് ഹെൽത്ത് സൂപ്രണ്ട് ബിനോയ് ബിജി പറഞ്ഞു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള നഗര ശുചീകരണ തെഴിലാളികൾ ആണ് കൃഷി ചെയ്തത്.
വിളവെടുപ്പ് നഗരസഭ ചെയർ പേഴ്സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.സമീപം ബാക്കി ഉള്ള സ്ഥലങ്ങളിൽ മുഴുവൻ കൃഷി ചെയ്ത് പന്തളത്തിനെ ഹരിതാഭമാക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർ പേഴ്സൺ യൂ. രമ്യ, നഗരസഭ സെക്രട്ടറി ഇ. ബി അനിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, ഹെൽത്ത് സുപ്രണ്ട് ബിനോയ് ബിജി, ഹെൽത്ത് ഇൻസ്‌പെക്ടർ വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു .