സർക്കാർ മെഡിക്കൽ കോളേജുകളിൽ രാത്രി പോസ്റ്റ്മോർട്ടം അടിയന്തരമായി തുടങ്ങാൻ സർക്കാർ ഉത്തരവ്. എന്നാൽ, ഫോറൻസിക് സർജൻമാരുടെ കുറവുമൂലം രാത്രി പോസ്റ്റ്മോർട്ടം തുടങ്ങുന്നത് നിലവിൽ പ്രായോഗികമല്ലെന്ന് അധികൃതർത്തന്നെ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങാനാണ് സർക്കാർ നിർദേശം. സ്വീകരിച്ച നടപടികളും പോസ്റ്റ്മോർട്ടത്തിന്റെ എണ്ണവും ആവശ്യമായ ജീവനക്കാരുടെ വിവരങ്ങളും നൽകാനും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശം വന്നതിന് പിന്നാലെ ഫോറൻസിക് മേധാവിമാർ ഉന്നതോദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലുമായി 16 ഫോറൻസിക് സർജൻമാരുടെ ഒഴിവുണ്ട്. ഇത് നികത്താതെ രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങാൻ ബുദ്ധിമുട്ടാണ്. ഡോക്ടർമാർ ഇല്ലാത്തതിനാൽ മിക്ക മെഡിക്കൽ കോളേജുകളിലും പകൽപോലും കൃത്യമായി പോസ്റ്റ്മോർട്ടം നടത്താനാകുന്നില്ല. അനുബന്ധജീവനക്കാരുമില്ല.
മൂന്നുവർഷംമുൻപ് കോടതിനിർദേശപ്രകാരമാണ് രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങാൻ നടപടി തുടങ്ങിയത്. ആവശ്യമായ ജീവനക്കാരെ നിയമിച്ചും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങാനായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാൻ നടപടിയുണ്ടായില്ല.
രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയാൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നതിനു പുറമേ അവയവദാനം കൂടുതൽ സാധ്യമാകുകയും ചെയ്യും.അതേസമയം, നിലവിലെ നിയമമനുസരിച്ച് എല്ലാ മൃതദേഹങ്ങളും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ല. ക്രിമിനൽ കേസ് തുടങ്ങി കോടതിനടപടികളിലേക്ക് പോകുന്ന സംഭവങ്ങളിലുൾപ്പെട്ട മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താനാകില്ല.