നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) കൊടിയില്‍ നിന്ന് ആനകളെ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബഹുജൻ സമാജ് പാർട്ടി.തങ്ങളുടെ പാർട്ടി കാലങ്ങളായി വൈകാരിക ബന്ധം സൂക്ഷിക്കുന്നതാണ് ‘ആന’ ചിഹ്നമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ബി എസ് പി വാദിക്കുന്നത്.
വിഷയം തമിഴക വെട്രി കഴകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതികരണമൊന്നുമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുത്ത് വോട്ടർമാരുടെ ആശയക്കുഴപ്പം പരിഹരിക്കണമെന്നുമാണ് ബി എസ് പിയുടെ ആവശ്യം.
സ്പെയിൻ പതാക അതേ പോലെ പകർത്തിയെന്ന് കാണിച്ച് ഒരു സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നാണ് ടി വി കെയുടെ നിലപാട്.ചുവപ്പും മഞ്ഞയും നിറത്തില്‍ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടി വി കെ കൊടിയില്‍ ഉള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരില്‍ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാർട്ടി രജിസ്റ്റർ ചെയ്തു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തൻറെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വിജയ് അറിയിച്ചിരുന്നു.
പാർട്ടി പതാകയും, പാർട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.