നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറി.കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.
ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേന ദുരുദ്ദേശത്തോടെ തന്നെ നിർമ്മാതാവിൻ്റെ മുറിയിൽ എത്തിച്ചെന്ന ഗുരുതര പരാതിയാണ് അഡ്വ വി എസ് ചന്ദ്രശേഖരനെതിരെ നടി ഉന്നയിച്ചത്.പിന്നാലെ ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.