Crime
പാമ്പൂരാമ്പാറ കുടിവെള്ള പദ്ധതിയുടെ ഇരുമ്പ് പൈപ്പുകൾ മോഷണം പോയി:ഭാഗ്യം അടുത്ത പറമ്പിൽ നിന്നും കണ്ടുകിട്ടി:കുടിവെള്ളം മുട്ടിക്കല്ലേയെന്നു നാട്ടുകാർ
കോട്ടയം :ഭരണങ്ങാനം :ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാമ്പാറ കുടിവെള്ള പദ്ധതിയുടെ ഇരുമ്പ് പൈപ്പുകൾ മോഷ്ടിക്കാൻ ശ്രമം നടന്നു .ഭാഗ്യത്തിന് ഭാരമുള്ള പൈപ്പ് കൊണ്ടുപോകാൻ സാധിച്ചില്ല.അടുത്ത പറമ്പിൽ നിന്നും കണ്ടുകിട്ടി.150 ഗുണഭോക്താക്കൾ ഇപ്പോൾ ആശ്വസിക്കുകയാണ് .ഒരു തുള്ളി വെള്ളം പോലും ലഭിക്കാതിരുന്ന കാലത്താണ് ജലനിധി പദ്ധതി വന്നതും കുടിവെള്ളം വീട്ടിൽ ലഭിക്കുന്നതും.അതും കൂടി ഇല്ലാതാക്കാനുള്ള മോഷ്ട്ടാക്കളുടെ ശ്രമത്തിനെതിരെ ധാർമ്മിക രോക്ഷത്തോടെയാണ് പാമ്പൂരാമ്പാറ വാർഡ് മെമ്പർ അനു വെട്ടുകാട്ടിലും . ജലനിധി സെക്രട്ടറി മിനോജ് ആൻ്റണി
പ്രസിഡൻ്റ് ഷിജോ സെബാസ്റ്റ്യൻ എന്നിവർ കോട്ടയം മീഡിയയോട് സംസാരിച്ചത്.
ഒൻപതാം തീയതി മോട്ടോർ അടിക്കാൻ ചെന്നപ്പോൾ ഇരുമ്പ് പൈപ്പുകൾ അവിടെ ഉണ്ടായിരുന്നു.പത്താം തീയതിയാണ് പൈപ്പുകൾ മോഷണം പോകുന്നത് . ഉടനെ തന്നെ വാർഡ് മെമ്പർ അനു വെട്ടുകാട്ടിലിനെ അറിയിക്കുകയും മെമ്പറുടെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയുമായിരുന്നു.ഇത്രയും ഭാരമുള്ള പൈപ്പ് കൊണ്ടുപോകാൻ അനേകരുടെ പരിശ്രമം വേണമെന്നിരിക്കെ മെമ്പർ അനു വെട്ടുകാട്ടിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരിസരത്താകെ തിരച്ചിൽ നടത്തിയപ്പോൾ അടുത്തുള്ള ഒരാളുടെ ഭവനത്തിന്റെ പിറകിൽ ഒളിപ്പിച്ച നിലയിൽ എട്ടോളം പൈപ്പുകൾ കണ്ടെത്തി . തുടർന്നുള്ള തിരച്ചിലിൽ ഇടവഴിയിൽ നിന്നും ഒളിപ്പിച്ച നിലയിൽ രണ്ടും ;അടുത്തുള്ള കാപ്പി തോട്ടത്തിൽ നിന്നും മറ്റു രണ്ട് പൈപ്പുകളും ആകെ 12 പൈപ്പുകൾ കണ്ടെത്തുകയായിരുന്നു.
കോട്ടയം ജില്ലയിലെ തന്നെ അതീവ കുടിവെള്ള ക്ഷാമം നേരിടുന്ന പാമ്പൂരാമ്പാറ പ്രദേശത്ത് ഏക കുടിവെള്ള പദ്ധതിയെയാണ് മോഷ്ട്ടാക്കൾ തകിടം മറിക്കാൻ ശ്രമിച്ചത് .കുടിവെള്ളം പോകുന്ന പൈപ്പുകൾ ഹാക്‌സോ ബ്ലേഡിന് മുറിച്ചു മാറ്റുവാനും ശ്രമിച്ചിട്ടുണ്ട് .നാട്ടുകാർക്ക് സംശയകരമായ സാഹചര്യത്തിൽ കണ്ട ചിലരെ സംശയമുണ്ട് .എട്ട് പൈപ്പുകൾ കണ്ടെടുത്ത വീട്ടുടമ ഡൽഹിയിലായിരുന്നു .അദ്ദേഹം വരുന്ന മുറയ്ക്ക് സി സി ടി വി ദൃശ്യങ്ങൾ ലഭ്യമാകുമെന്ന് വാർഡ് മെമ്പർ അനു വെട്ടുകാട്ടിലും;കുടിവെള്ള പദ്ധതി ഭാരവാഹികളായ ജലനിധി സെക്രട്ടറി മിനോജ് ആൻ്റണി പ്രസിഡൻ്റ് ഷിജോ സെബാസ്റ്റ്യൻ എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു .സംഭവത്തെ കുറിച്ച് പോലീസും രഹസ്യമായി അന്വേഷിച്ച് വരികയാണ്.കുറെ നാളുകൾക്കു മുമ്പ് പാമ്പൂരാമ്പാറ പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സൂക്ഷിച്ച ഇരുമ്പ് കമ്പികൾ മോഷണം പോയതും ഈ മോഷണവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ