ഹരിപ്പാട്: കേബിൾ കണക്ഷൻ റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലിരുന്ന നാലാംക്ലാസ് വിദ്യാർഥി മരിച്ചു.
ഹരിപ്പാട് മുട്ടം എവിളയിൽ ബാബു- കല ദമ്പതികളുടെ മകൻ കാർത്തികാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കട്ടായ കേബിൾ കണക്ഷൻ റീചാർജ് ചെയ്യണമെന്ന് കാർത്തിക് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് ചെയ്തുതരാമെന്ന് അമ്മ മറുപടി കൊടുത്തു. ഉടനെ വേണമെന്ന് വാശിപിടിച്ച കാർത്തിക് മുറിയിൽ കയറി കതകടച്ചു.
സംശയം തോന്നിയ വീട്ടുകാർ മുറി തുറന്നപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്.ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാസന്ന നിലയിലായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മുട്ടം എഥീന സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. കരീലകുളങ്ങര പൊലീസ് നടപടികൾ സ്വീകരിച്ചു.