തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.
പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു. സഹജീവികളുടെ സങ്കടംകണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുൾപൊട്ടിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ സംഭാവനകൾ പ്രവഹിച്ചു, എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ചു.