കോട്ടയം: ലക്ഷം വീടുകളിൽ താമസിക്കുന്നവർക്കുള്ള പുതുക്കിയ പട്ടയം നൽകുന്ന വിഷയത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ലക്ഷം വീട് നിവാസികളുടെ അർഹത പരിശോധിച്ച് പഞ്ചായത്ത് ഭരണസമിതി റവന്യൂ വകുപ്പിനെ അറിയിക്കാൻ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. 25 വർഷമായി താമസിച്ചുവരുന്ന ലക്ഷം വീട് നിവാസികളായ 19 കുടുംബങ്ങൾക്ക് ഭൂമിയും വീടും കൈമാറി നൽകണമെന്നാവശ്യപ്പെട്ട് മേലുകാവ് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അനുരാഗാണ് തദ്ദേശഅദാലത്തിൽ അപേക്ഷ നൽകിയത്. ഇക്കാര്യം 2022ൽ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതാണ്. ഈ വിഷയത്തിലാണ് അർഹത പരിഗണിച്ച് പഞ്ചായത്ത് ഉടൻ റവന്യൂ വകുപ്പിനെ അറിയിക്കാൻ മന്ത്രി നിർദ്ദേശിച്ചത്.
ഗ്രാമപഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ് നിലവിൽ ഉടമസ്ഥാവകാശം. 1147/2019 തദ്ദേശ സ്ഥാപന ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തിൽ ഇപ്പോൾ താമസിക്കുന്ന കുടുംബങ്ങൾ സഹായത്തിന് അർഹരാണോയെന്ന് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി കൈവശരേഖ ലഭ്യമാക്കാൻ റവന്യൂ വകുപ്പിനെ സമീപിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
2015 ജൂൺ 30 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ഇത്തരം കൈമാറ്റങ്ങൾ ക്രമീകരിച്ച് നൽകാനും പുതുക്കിയ പട്ടയം നൽകാനും വ്യവസ്ഥയുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് ആവശ്യമായ നടപടി സ്വീകരിച്ച് റവന്യൂ വകുപ്പിനെ അറിയിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്.