Kerala
സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണം: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ
പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ.
വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം. മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാൻ ആർക്കും അവകാശമില്ല. സാഹോദര്യം വാക്കുകളിൽ ഒതുങ്ങിപ്പോകുന്നു. മനുഷ്യനെ വില്പനചരക്കായി കാണുന്നിടത്ത് സഭ ശബ്ദമുയർത്തണം. നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവുമുണ്ടെന്ന്
മറക്കരുത്. നീതിയും സമാധാനവും ഒരുമിച്ച് പോകുന്നതാണ്. ലോകത്തിന്റെ കിടമത്സരങ്ങളും ശത്രുതയും അരക്ഷിതത്വവും കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്കു കഴിയില്ല. ലോകത്തിന്റെ പട്ടിണി എന്റേതാണെന്ന ബോധ്യം ഉത്തരവാദിത്വമാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയൻ പറഞ്ഞു.
നവമാധ്യമങ്ങൾ സമൂഹത്തിലെ തിന്മകളെ പർവതീകരിക്കുകയും നന്മകളെ തമസ്‌കരിക്കുകയും ചെയ്യുന്നതിനെതിരെ സഭകൾ ഒരുമിച്ച് പ്രതികരിക്കണം. പ്രകൃതി ചൂഷണത്തിനെതിരെയുള്ള നിസംഗത വെടിയണമെന്നും ഓർത്തഡോക്‌സ് സഭാ തലവൻ പറഞ്ഞു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രീദീയനെ പൊന്നാടയണിയിച്ചു. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ സ്വാഗമാശംസിച്ചു.