തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിൻ്റെ പതാക ഇന്ന് പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10:30ന് വിജയ് പതാക ഉയര്‍ത്തും. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മഞ്ഞ നിറത്തിലുള്ള പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളുമാണ് പാർട്ടിക്കായി രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കേരളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ പതാക പ്രകാശന ചടങ്ങിനെത്തും. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.