പാലാ: മേജർ ആർച്ച്ബിഷപ്പ് അധ്യക്ഷനായുള്ള സീറോമലബാർസഭ മുഴുവന്റെയും ആലോചനായോഗമായ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയക്ക് തുടക്കമിടുന്നത് നീണ്ട തയ്യാറെടുപ്പുകളുടേയും പരിശ്രമങ്ങളുടേയും പ്രാർത്ഥനകളുടേയും ശേഷം. സഭയിലെ മെത്രാൻമാരുടെയും പുരോഹിതരുടേയും സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമായ അസംബ്ലിക്കായി സഭാകാര്യാലയത്തിലും ആതിഥേയരായ പാലാ രൂപത കാര്യാലയത്തിലും മാസങ്ങൾ നീണ്ട പരിശ്രമങ്ങളാണ് നടത്തിയത്. സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത, സന്യാസിനി ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകളും ആത്മീയ ഒരുക്കങ്ങളും പൂർത്തീകരിച്ചാണ് സഭയുടെ പ്രതിനിധികൾ സഭായോഗത്തിലേക്ക് പ്രവേശിക്കുന്നത്.
സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ച് ബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാനുള്ള ആലോചനായോഗമായാണ് അസംബ്ലി ക്രമീകരിച്ചിട്ടുള്ളത്. സഭായോഗത്തിലേക്ക് മെത്രാന്മാർ പ്രവേശിക്കുന്നത് സിനഡ് സമ്മേളനത്തിൽ നിന്നാണെന്നതുതന്നെ ഇതിന്റെ പ്രത്യേകതയും ഗൗരവവും വ്യക്തമാക്കുന്നു.
മെത്രാൻ സിനഡിനോടു ചേർന്ന് ഓരോ രൂപതയിലെയും സന്യാസസമൂഹങ്ങളിലെയും വിവിധ ഭക്തസംഘടനകളിലെയും പ്രസ്ഥാനങ്ങളിലെയും പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. അസംബ്ലി പഠനവിധേയമാക്കുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2023 ജൂലൈയിൽ പുറത്തിറക്കിയ പഠനരേഖ എല്ലാ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും വിവിധ തലങ്ങളിൽ പഠനം നടത്തിയിരുന്നു. ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും സംഗമിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്‌തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനായും സമ്മേളിച്ചു. യുവജനങ്ങളുടേയും വിശ്വാസപരിശീലകരുടെയും പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് പഠനരേഖ ചർച്ച ചെയ്തു. രൂപതാഅസംബ്ലികളിലും അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിലെ കാനോനിക സമിതികളിലും സമർപ്പിത സമൂഹങ്ങളിലും പഠന രേഖ ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പ്രവർത്തനരേഖ രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയിൽ പ്രബന്ധാവതരണങ്ങളും പഠനങ്ങളും ചർച്ചകളും നടത്തുന്നത്. അസംബ്ലിയിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന ആശയങ്ങൾ സീറോമലബാർസഭയുടെ പഠനത്തിനും പ്രായോഗികതയ്ക്കും ഉതകുംവിധം ഒരു പ്രബോധനരേഖയായി മേജർ ആർച്ചുബിഷപ്പ് പുറത്തിറക്കുന്ന കീഴ്‌വഴക്കവുമുണ്ട്.
കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർസഭയിൽ എന്നതാണ് അസംബ്ലിയുടെ പ്രധാന പ്രമേയം. സീറോമലബാർസഭയിലെ വിശ്വാസപരിശീലന രൂപീകരണം, സുവിശേഷപ്രഘോഷണത്തിൽ അല്മായരുടെ സജീവ പങ്കാളിത്തം,
സീറോമലബാർ സമുദായ ശാക്തീകരണം എന്നീവിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.