ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പകർത്തിയ ഏപ്രില്‍ 29 -ാം തിയതിയിലെയും ഓഗസ്റ്റ് 12 -ാം തിയതിയിലെയും ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് റോയിറ്റേഴ്സ് വയനാട്ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കിയത്. ജൂലൈ 30 ന് പുലര്‍ച്ചെ ഒന്നരയ്ക്കും മൂന്ന് മണിക്കും ഇടയില്‍ പുഞ്ചിരിമട്ടയില്‍ നിന്നും പൊട്ടിയൊഴുതിയ ഉരുള്‍ തട്ടിയെടുത്തത് 215 കെട്ടിടങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ച് റോയ്റ്റേഴ്സ്. ദുരന്തത്തിന് മുമ്പും ശേഷവും ഉരുള്‍ ഒഴുകിയ വഴിയിലെ ചിത്രങ്ങളുടെ താരതമ്യത്തിലൂടെയാണ് റോയിറ്റേഴ്സ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഉപഗ്രഹ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പകർത്തിയ ഏപ്രില്‍ 29 -ാം തിയതിയിലെയും ഓഗസ്റ്റ് 12 -ാം തിയതിയിലെയും ഉപഗ്രഹ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് റോയിറ്റേഴ്സ് ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കിയത്. പുഞ്ചിരമട്ടത്തെ ഉരുളിന്‍റെ ഉറവിട കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ താഴെയുള്ള ജനവാസ കേന്ദ്രങ്ങള്‍ക്ക് വരെ നാശനഷ്ടം സൃഷ്ടിച്ചാണ് ഉരുള്‍ ഒഴുകിയത്.
ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍ (247 ഏക്കര്‍) പ്രദേശത്ത് നാശനഷ്ടം വ്യാപിച്ചെന്നും ഇത് 140 ഫുട്ബോള്‍ കോര്‍ട്ടുകള്‍ക്ക് തുല്യമാണെന്നും റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിബിഡമായ മരങ്ങളുടെ മറവിലുള്ള കെട്ടിടങ്ങളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റോയിറ്റേഴ്സ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഉരുള്‍പൊട്ടലില്‍ 236 കെട്ടിടങ്ങൾ ഒലിച്ചുപോയതായും 400-ലധികം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതായുമാണ് സർക്കാർ കണക്കുകള്‍.