കോട്ടയം :കാഞ്ഞിരമറ്റം സഹകരണ ബാങ്ക് ഇലക്ഷൻ : ഐക്യമുന്നണികൾ പരസ്പരം ഏറ്റുമുട്ടുന്നു. കാഞ്ഞിരമറ്റം: ജനാധിപത്യ കക്ഷികൾക്ക് മുൻതൂക്കമുള്ള കാഞ്ഞിരമറ്റത്ത് സഹകരണ ബാങ്ക് ഇലക്ഷൻ കേരളാ കോൺഗ്രസ് (എം) ഉം കോൺഗ്രസ് (ഐ) ഉം നയിക്കുന്ന ഇരു പാനലുകൾ തമ്മിലുള്ള കടുത്ത മൽസരമായി മാറി.
കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യം ഐക്യമുന്നണിയെന്ന നിലയിൽ കാലങ്ങളായി തുടർന്നു വന്ന ഭരണ സമിതിയിൽ നിലവിൽ പ്രസിഡന്റായിരുന്നത് കേരളാ കോൺഗ്രസ് (എം) നേതാവ് മാത്തുക്കുട്ടി ഞായർകുളമാണ്.
പുതിയ സഹകരണ നിയമ ഭേദഗതിയുടെ പശ്ചാതലത്തിൽ മൂന്നുതവണയിലധികം തുടർച്ചയായി ഭരണ സമിതിയംഗമായ വർക്ക് മൽസരിക്കാനാവാത്തതിനാൽ കേരളാ കോൺഗ്രസ് (എം) നേതാവ് ഡാന്റീസ് കൂനാനിക്കലിന്റെ നേതൃത്വത്തിൽ ഐക്യ വികസന മുന്നണിയായാണ് മൽസരിക്കുന്നത്. കോൺഗ്രസ് (ഐ) നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കൂടാതെ അഞ്ചു സ്ഥാനാർത്ഥികൾ അടങ്ങുന്ന കുറുമുന്നണിയുമായി ബി.ജെ.പിയും രംഗത്തുണ്ട്. കോൺഗ്രസ് (ഐ) സീറ്റ് നിഷേധിച്ചതിനാൽ ഒരു പ്രാദേശിക നേതാവ് സ്വതന്ത്രനായും മൽസര രംഗത്തുണ്ട്. കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയുടെ പാരീഷ് ഹാളിൽ വെച്ച് ഇന്ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ് .ഫലം എന്തായിരിക്കും എന്നുള്ള ആശങ്കയിലാണ് രണ്ടര മുന്നണികൾ .