പാലാ :ഇടുക്കിയുടെ സ്വന്തമായ ഏലം ഇങ്ങ് കോട്ടയത്ത് നമ്മുടെ പാലായിലെ കൊച്ചിടപ്പാടിയിലും വളരുമെന്നും ഫലം തരുമെന്നും തെളിയിച്ച പ്രതിഭക്ക് അംഗീകാരം നൽകുന്നു.പാലാ നഗരസഭയിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡിന് അഖിൽ റ്റി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. തെങ്ങുംപള്ളിൽ ജോയിച്ചൻ ചേട്ടന്റെയും റിൻസി ചേച്ചിയുടെയും മകനായ അഖിൽ മംഗലാപുരത്ത് റേഡിയോളജി കോഴ്സിന്റെ പഠനത്തിലാണ്. ഇടക്ക് സമയം കിട്ടുമ്പോൾ നാട്ടിൽ എത്താൻ ലഭിക്കുന്ന സമയമാണ് കാർഷിക വൃത്തിക്കായി അഖിൽ ഉപയോഗിക്കുന്നത്.
കർഷക കുടുംബമായ തെങ്ങുംപള്ളിൽ കുടുംബത്തിലെ കാരണവർ നാട്ടിൽ ഏവർക്കും ഏറെ പ്രിയപ്പെട്ട കുഞ്ഞുട്ടിച്ചേട്ടന്റെ കൊച്ചുമകനാണ് അഖിൽ.അഖിലിന്റെ പിതാവ് ജോയിച്ചൻ ചേട്ടൻ വിദേശത്ത് കൃഷിയുമായി ബന്ധപ്പെട്ട് തന്നെ പ്രവർത്തിച്ച് വരികയാണ്. അഖിലിന്റെ വീടിന്റെ മുൻവശത്തായുള്ള സ്ഥലത്ത് ഏലം, കവുങ്ങ്, തെങ്ങ്, പ്ലാവ്, മാവ് , ചീനി,പേര, ജാതി, മംഗോസ്റ്റിൻ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, നാരകം, മുട്ടി, കുരുമുളക്, അബിയു , ഫിലോസാൻ,അവോക്കാഡോ എന്നിങ്ങനെ എല്ലാം കൃഷി ചെയ്യുന്നു.
വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മുനി.ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കൃഷി നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് അവാർഡ് നൽകാൻ തീരുമാനിച്ചത്.ചിങ്ങം 1 കർഷക ദിനത്തിൽ കർഷക പ്രതിഭയെ പാലാ നഗരസഭ ആദരിക്കും.അഖിലിന് കൊച്ചിടപ്പാടി എട്ടാം വാർഡിന്റെ എല്ലാ ആദരവുകളും നൽകുന്നതായി വാർഡ് കൗൺസിലർ സിജി ടോണി അഭിപ്രായപ്പെട്ടു.