പാലാ നഗരസഭയിലെ മികച്ച കർഷകനായി നമ്മുടെ നാട്ടുകാരനായ മനയാനിക്കൽ [ കട്ടക്കയത്ത് ] അലക്സ് ചേട്ടനെ പാലാ നഗരസഭയും കൃഷി ഭവനും ചേർന്ന് സംയുക്തമായി തിരഞ്ഞെടുത്തു.
കൊച്ചിടപ്പാടി വാർഡിൽ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ മൂന്നര ഏക്കർ സ്ഥലത്ത് പ്ലാവ്, റമ്പൂട്ടാൻ, ഏത്തവാഴ, തേക്കിൻ തൈകൾ, കുരുമുളക് എന്നിങ്ങനെയുള്ള കൃഷികളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വേനൽക്കാലത്തെ കഠിനമായ ചൂടിനെ അതിജീവിക്കാൻ ട്രിപ്പ് ഇറിഗേഷനെയാണ് അലക്സ് ചേട്ടൻ കൂട്ട് പിടിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പാലാ യൂണിറ്റിൽ വർഷങ്ങളായി എക്സി. കമ്മറ്റി അംഗമായി പ്രവർത്തിക്കുന്ന അലക്സ് ചേട്ടൻ പഴമയോട് അടങ്ങാത്ത ആഭിമുഖ്യമുള്ള വ്യക്തിയാണ്. അതിനാൽ തന്നെ വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളായ പല പല സാധനങ്ങളും പണം കൊടുത്ത് വാങ്ങി ശേഖരിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്.
പാരമ്പര്യമായി കിട്ടിയ തന്റെ സ്വതസിദ്ധമായ കൊമ്പൻ മീശയും തടവി എന്നും രാവിലെ പാലാ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങുന്ന അലക്സ് ചേട്ടന് പാലായിലുടനീളം വലിയ സൗഹൃദ വലയമുണ്ട്.