രാമപുരം : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് റോഡിൽ വച്ച് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി ഐകൊമ്പ് ഭാഗത്ത് കണ്ടത്തിൻകരയിൽ വീട്ടിൽ നന്ദു ബിജു (28) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂൺ മാസം നാലാം തീയതി വൈകിട്ട് 3:45 മണിയോടുകൂടി രാമപുരം-ഐകൊമ്പ് റോഡേ സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തുകയും, ചീത്ത വിളിക്കുകയും കൈയിൽ കയറി പിടിക്കുകയുമായിരുന്നു.
യുവതി ബഹളം വച്ചതിനെതുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയും ചെയ്തു. യുവതിയുടെ ബന്ധു നന്ദുവിന് എതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.
രാമപുരം സ്റ്റേഷൻ എസ്. എച്ച്.ഓ അഭിലാഷ് കുമാർ.കെ, സി.പി.ഓ മാരായ പ്രദീപ് എം.ഗോപാൽ, വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.