സെപ്തംബർ 18. ഇരുപത്തി മൂന്ന് വർഷം മുമ്പ്, അതായത് 2001 സെപ്തംബർ 18. അന്നാണ് എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഒരു സുപ്രധാന സംഭവം നടക്കുന്നത്.
മാധ്യമം ദിനപത്രത്തിന്റെ പാലായിലെ ആദ്യത്തെ റിപ്പോർട്ടർ ആയിരുന്നു ഞാൻ. ഒരു ഉപജീവന മാർഗ്ഗം എന്ന നിലയിൽ ആയിരുന്നില്ല പത്രപ്രവർത്തന രംഗത്ത് എത്തിയത്. മാധ്യമത്തിന്റെ കോട്ടയം ബ്യൂറോ ചീഫ് ആയിരുന്ന (ഇപ്പോൾ കോട്ടയം എഡീഷൻ ന്യൂസ് എഡിറ്റർ) ശ്രീ. സി.എ.എം.കരീം ആണ് മാധ്യമത്തിലേയ്ക്ക് ശുപാർശ ചെയ്തത്.
ഇന്നത്തെപോലെ സുഖകരമായ രീതി ആയിരുന്നില്ല അന്നത്തെ പത്രപ്രവർത്തനം. മനോരമ, മംഗളം, മാതൃഭൂമി, ദീപിക,ദേശാഭിമാനി, കേരളകൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കു മാത്രമായിയിരുന്നു അന്ന് പാലായിൽ റിപ്പോർട്ടർമാർ ഉണ്ടായിരുന്നത്.
ഏതായാലും ഞാൻ ഈ രംഗത്ത് എത്തിയത് അവരിൽ പലർക്കും രസിച്ചിരുന്നില്ല. അതിനാൽ തന്നെ വാർത്തകളൊന്നും ഇവരിൽ നിന്നും ലഭ്യമല്ലാതെ വന്നു. ആദ്യഘട്ടത്തിൽ മനോരമയും ദീപികയും ഒക്കെ രാവിലെ കാണുമ്പോഴാണ് എനിക്ക് ലഭ്യമല്ലാതെ പോയ വാർത്തകൾ, മാധ്യമത്തിൽ കൊടുക്കാൻ കഴിയാത്ത വാർത്തകൾ, ഒക്കെ കാണുന്നത്. മേൽപത്രങ്ങൾക്കൊക്കെ ഏജൻസികൾ ഉള്ളതിനാൽ എപ്പോഴും സംഭവങ്ങൾ, വാർത്തകൾ ഒക്കെ അപ്പോഴപ്പോൾ അവർക്ക് ലഭ്യമായിരുന്നു. മാധ്യമത്തിനാകട്ടെ, ആദ്യഘട്ടത്തിൽ പാലായിൽ ഏജൻസികൾ ഒന്നും ഇല്ലായിരുന്നു താനും. എന്താണെന്നറിയില്ല,മാധ്യമത്തിനു പ്രത്യേകിച്ച് എനിക്ക് വാർത്തകളൊന്നും നൽകരുതെന്നും എന്നോട് സഹകരിക്കരുതെന്നും പല പത്രങ്ങളുടെയും ജില്ലാ തലത്തിൽ നിന്നും പറഞ്ഞിട്ടുണ്ടെന്നതിനാലാണത്രെ എന്നോട് സഹകരിക്കാത്തതെന്നായിരുന്നു ഇവർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇറങ്ങിത്തിരിച്ച സാഹചര്യത്തിൽ പിന്നോട്ടു പോകാൻ മനസ് അനുവദിച്ചില്ല. സ്വന്തം നിലയ്ക്ക് വാർത്തകൾ കണ്ടെത്താൻ ആരംഭിച്ചു. മറ്റാർക്കും കിട്ടാത്ത വാർത്തകൾ കണ്ടെത്തി സത്യസന്ധമായി വാർത്തകൾ നൽകി തുടങ്ങിയതോടെ ഒട്ടേറെ വാർത്തകൾ മാധ്യമത്തിൽ വരാൻ തുടങ്ങി. വാർത്തയുടെ സോഴ്സ് ഒരു കാരണവശാലും പുറത്താകില്ലെന്നു മനസിലാക്കിയതോടെ നിരവധിയാളുകൾ വാർത്തകൾ എനിക്ക് എത്തിച്ചു നൽകി. മറ്റു പത്രങ്ങളിൽ പാലായിൽ നിന്നുള്ള വാർത്തകൾ ലോക്കൽ പേജിൽ വരുമ്പോൾ പലപ്പോഴും ഞാൻ എഴുതുന്നവ സ്റ്റേറ്റ് പേജിലും മുൻപേജിലുമൊക്കെ ഇടം പിടിച്ചു.
അപ്പോഴൊരു പ്രശ്നം. മാധ്യമം പത്രം പാലായിൽ ഇല്ല. ഏജന്റ്മാരോട് ചോദിച്ചു. ചിലർ സമ്മതിച്ചു. എന്നാൽ മാധ്യമമെടുത്താൽ മറ്റു പത്രങ്ങൾ ഏജൻസി കട്ടു ചെയ്യുമെന്നു പറഞ്ഞതോടെ അവർ പിൻവാങ്ങി. തുടർന്നു 15 പത്രവുമായി ഞാൻ ഒരു ഏജൻസികൂടി ഒപ്പം തുടങ്ങി. അപ്പോഴും പ്രശ്നം ബാക്കി. രാവിലെ വരുന്ന പത്രം എടുക്കാനും ഇടാനും ആരും തയ്യാറാകുന്നില്ല. പുലർച്ചെ വരുന്ന പുള്ളിക്കാനം കെ.എസ്.ആർ.ടി.സി.ബസ്സിലാണ്
പത്രക്കെട്ട് വരുന്നത്. ബസ് വരുന്നതിനു മുമ്പേ ഞാൻ പാലായിൽവന്നു നിൽക്കും. പത്രക്കെട്ട് ബസിൽ നിന്നും ഇറക്കി വരിക്കാർക്ക് എത്തിക്കും. എന്നിട്ട് വീട്ടിൽ പോയി ഒരു ഉറക്കവും പാസ്സാക്കി പത്തു മണിയോടെ വീണ്ടും വാർത്തകൾക്കായി ടൗണിൽ എത്തും. ഇതായിരുന്നു അക്കാലത്തെ ദിനചര്യ. പുള്ളിക്കാനം ബസ് വരുന്ന സമയത്ത് എത്താനായില്ലെങ്കിൽ ആരും പത്രക്കെട്ട് എടുത്തു തന്ന് സഹായിക്കില്ല. ബസ് പുള്ളിക്കാനം പോയി 11:30തോടെ ഈരാറ്റുപേട്ട ഡിപ്പോയിൽ തിരികെ എത്തുമ്പോൾ അവിടെ പോയി എടുത്തു കൊണ്ടുവന്ന് പലപ്പോഴും വരിക്കാർക്കു കൊടുക്കേണ്ടി വന്നിട്ടുണ്ട്. താമസിച്ചെന്നു ആരും പരാതി പറഞ്ഞിട്ടുമില്ല. 15 പത്രത്തിൽനിന്നും അത് 67 പത്രംവരെയാക്കി സ്വന്തം നിലയിലായിരുന്നു ഒരു ഘട്ടം വരെ വിതരണം നടത്തിയിരുന്നത്.
മാധ്യമത്തിന് അന്ന് കൊച്ചി എഡീഷനേ തൊട്ടടുത്ത് ഉണ്ടായിരുന്നുള്ളൂ. അതിനാൽ വാർത്താ കവർ 12 മണിക്ക് മുന്നേ കോട്ടയത്തിന് അയയ്ക്കണം. പിന്നീട് ഉണ്ടാകുന്ന വാർത്തയും സംഭവങ്ങളും കൊച്ചിക്ക് ഫാക്സ് ചെയ്യുകയായിരുന്നു പതിവ്. ന്യൂസ്പ്രിന്റ് പേപ്പറിൽ വളരെ ചെറിയതായി എഴുതിയാണ് അയച്ചിരുന്നത്. ഒരു പേജിൽ 20 ഉം 25 ഉം ലൈൻ വീതം എഴുതിയിരുന്നു. ഒരു പേജ് ഫാക്സ് ചെയ്യുന്നതിനു 15 ഉം 20 രൂപയായിരുന്നു ചാർജ്. അക്കാലത്തെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പിന്നീട് എഴുതാം.
ഇതിനിടയിൽ എപ്പോഴോ സ്വന്തമായി ഒരു പത്രം എന്ന ചിന്ത ഉദിച്ചു. അങ്ങനെയാണ് പാലാ ടൈംസ് എന്ന വാർത്താപത്രികയ്‌ക്ക് തുടക്കമിടുന്നത്. അങ്ങനെ പാലാ ടൈംസ് വാർത്താപത്രികയ്ക്ക് ന്യൂസ് പേപ്പർ റജിസ്ട്രാറുടെ അനുമതി ലഭിച്ചു. ഇതുപ്രകാരം കോട്ടയം എഡിഎമ്മിനു മുമ്പാകെ ഡിക്ലറേഷൻ ഫയൽ ചെയ്തു. 2001 സെപ്തംബർ 11-നു ഞാൻ ചീഫ് എഡിറ്ററും ജോസ് പാറേക്കാട്ട് എഡിറ്ററുമായി പാലാ ടൈംസ് വാർത്താപത്രികയുടെ ആദ്യ ലക്കം പുറത്തിറക്കി. നാലുപേജ് ടാബ്ളോയിഡ് സൈസിലാണ് പത്രം പുറത്തിറക്കിയത്.
പാലായിലെ പൊൻകുന്നം സമാന്തരപാലം വക്കച്ചൻ മറ്റത്തിൽ എംപി ആയിരുന്ന കാലത്ത് അനുവദിപ്പിക്കുകയും ഇടതു സർക്കാർ പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പണി ആരംഭിച്ചു അധികനാൾ കഴിയും മുമ്പ് ഇടതു മുന്നണിക്ക് അധികാരം നഷ്ടപ്പെടുകയും ഐക്യമുന്നണി അധികാരത്തിൽ വരുകയും ചെയ്തു. ഇതേത്തുടർന്നു ശ്രീ.കെ.എം.മാണി മന്ത്രിയായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മന്ത്രിയായ കെ.എം.മാണി സെപ്തംബർ 13ന് പാലത്തിന്റെ
പണി തുടങ്ങൽ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് നോട്ടീസ് ഇറങ്ങി. ഇതുമായി ബന്ധപ്പെട്ട് ലീഡ് വാർത്ത അദ്യ ലക്കത്തിൽ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാലാ പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാനുള്ള മന്ത്രിയുടെ നടപടി വിവാദമാകുന്നു വെന്നു സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിച്ചു. ശ്രീ. കെ.എം.മാണിയുടെ സാന്നിദ്ധ്യത്തിൽ 2001 മാർച്ച് 19-ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചിത്രവും ചേർത്തിരുന്നു. ഒപ്പം കേരളാ കോൺഗ്രസ് നേതാവ് ജോയി നടുക്കര രാഷ്ട്രീയ രംഗത്തു നിന്നും മാറി നിൽക്കുന്നുവെന്ന സൂചനയും ഉൾപ്പെടെ മറ്റാരും നൽകാത്ത വാർത്തകളോടെയാണ് പത്രം പുറത്തിറക്കിയത്. ഈ സമയം മറ്റു പത്രങ്ങൾ പാലം പണി തുടങ്ങലിന്റെ സപ്ലിമെന്റ് ഇറക്കി ആഘോഷിച്ചു.
ഏതായാലും ഇത് ചില കേരളാ കോൺഗ്രസുകാരെ ചൊടിപ്പിച്ചു. അവർ അന്നത്തെ ഡി വൈ എസ് പി ആയിരുന്ന കെ പ്രഭാകരൻനായരെ സമീപിച്ചു. കാര്യം പറഞ്ഞപ്പോൾ മാധ്യമത്തിലെ പല വാർത്തകളുടെ പേരിലും ഇപ്പോൾ കേരളാ കോൺഗ്രസുകാരനായ ജോബിഷ് തേനാടികുളത്തിലിന്റെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനം നടന്നത് പ്രഭാകരൻ നായർ അന്വേഷിക്കാൻ എത്തിയപ്പോൾ ഉണ്ടായ അപാകത ചൂണ്ടിക്കാട്ടിയ വിരോധവും എന്നോട് പുലർത്തിയിരുന്ന പ്രഭാകരൻ നായർ അവർക്കൊപ്പം കൂടി.
സെപ്തംബർ 18-ന് രാവിലെ 10-ന് അന്നത്തെ എസ്.ഐ. ആയിരുന്ന എൻ.സി.രാജ്മോഹൻ ഒരു വാർത്ത നൽകാനാണ് എന്നു പറഞ്ഞ് ഫോണിൽ വിളിച്ചു. 11- മണിക്ക് അവിടെ ചെന്നപ്പോൾ ഇരിക്കൂ ഇപ്പോൾ വരാമെന്ന് പറഞ്ഞ് എസ്.ഐ. രാജ്മോഹൻ പുറത്തേയ്ക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ (പേര് വെളിപ്പെടുത്തുന്നില്ല) വന്നു പറഞ്ഞു. ഡിവൈഎസ്പിയുടെ മുറിയിൽ അടച്ചിട്ട് എന്തോ കാര്യങ്ങൾ തിരക്കിട്ട് ആലോചിക്കുന്നു. എസ് ഐയും ചില കേരളാ കോൺഗ്രസുകാരും ഉണ്ട്.(അവരുടെ പേര് വിവരങ്ങൾ അറിയാം. അതും വെളിപ്പെടുത്തുന്നില്ല) ഇറങ്ങി പോകാൻ അദ്ദേഹം സ്നേഹ ബുദ്ധിയാൽ പറഞ്ഞു. ഞാൻ പോകുന്നില്ലെന്നു കണ്ടപ്പോൾ കുഴപ്പമാകും എന്നു പറഞ്ഞു അദ്ദേഹം പുറത്തേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞ് ചന്ദ്രശേഖരൻ എന്ന പോലീസുകാരൻ വന്നു മൊഴി തരാൻ ആവശ്യപ്പെട്ടു. കാര്യം ചോദിച്ചപ്പോൾ താങ്കളെ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്നു പറഞ്ഞു. എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ പരാതിക്കാരൻ വരുമെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ പരാതിക്കാരനായി സജീവ് കണ്ടത്തിൽ വന്നു പരാതി എഴുതി നൽകി.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുദ്രാ പ്രസിൽ അച്ചടിക്കാതെ അവരുടെ പ്രസിന്റെ പേര് പത്രത്തിൽ ചേർത്തുവെന്നാണ് പരാതി. എന്നാൽ മുദ്രാ പ്രസ് ബെന്നി മൈലാടൂരിന്റെ ഉടമസ്ഥത മാറിയ വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ബെന്നി നൽകിയ അനുമതിപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എഡിഎം മുദ്രാ പ്രസിന്റെ പേര് ഡിക്ലറേഷനിൽ ചേർത്തിരുന്നത്. മാത്രവുമല്ല മുദ്രാ പ്രസിനു വേണ്ടി സെന്റ് തോമസ് പ്രസിൽ അച്ചടിച്ചുവെന്ന് ഇൻ പ്രിൻറ് ലൈൻ അച്ചടിക്കേണ്ടത് അതതു പ്രസുകാരുമായിരുന്നു. വെറുമൊരു അച്ചടി പിശക്. എന്നാൽ അവർക്ക് അതുമതിയല്ലോ? (കേരള കോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായ ഡിക്ലറേഷൻ വച്ച പ്രസിന്റെ പേര് അല്ല അച്ചടിക്കുന്നത് എന്നത് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്)
ഏതായാലും ആ കേരളാ കോൺഗ്രസുകാരും ഡിവൈഎസ്പി കെ പ്രഭാകരൻ നായരും
എസ്.ഐ. എൻ.സി. രാജ് മോഹനും ചേർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 420 (Cheating),465 (Forgery),468 (Forgery for purpose of cheating) 471 (Using as genuine a forged document), 34 പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ട് 3, 4, 14 വകുപ്പുകളാണ് ഈ ചെറിയൊരു അച്ചടി പിശകിന്റെ പേരിൽ ചുമത്തിയത്. അച്ചടി നിർവ്വഹിച്ച പ്രസുകാരെ ആകട്ടെ പ്രതികളല്ലാതെ സാക്ഷികളായി മാറ്റുകയും ചെയ്തു. പത്രങ്ങൾക്കെതിരെ കേസെടുക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് ഇതൊന്നും വകവയ്ക്കാതെ മേൽ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ നടപടി. അറസ്റ്റ് വിവരമറിഞ്ഞ് ആദ്യം പാലാ പോലീസ് സ്റ്റേഷനിൽ എത്തിയ പത്രപ്രവർത്തകൻ ദീപികയുടെ ജോൺസൺ വേങ്ങത്തടമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ എന്നെ പാലാ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യപേക്ഷ കോടതിയിൽ എത്തിയപ്പോൾ ഇടതുമുന്നണി നിയോഗിച്ച അഭിഭാഷക ജാമ്യം നൽകുന്നതിനെ എതിർത്തു !!! എന്നാൽ അന്നത്തെ ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ചെറിയാൻ കെ. കുര്യാക്കോസ് ജാമ്യം അനുവദിക്കുകയാണ് ഉണ്ടായത്. ഇതിനിടെ ജോസ് പാറേക്കാട്ട് മുൻകൂർ ജാമ്യം നേടി. ഇതേത്തുടർന്നു
സി വി ജോണിന്റെ നേതൃത്വത്തിൽ പാലായിൽ കേരള നവോത്ഥാന പ്രസ്ഥാനം പോലീസ് നടപടിക്കെതിരെ പ്രതിക്ഷേധം സംഘടിപ്പിച്ചു. ഈ പ്രതിക്ഷേധ യോഗത്തിൽ കേരളാ കോൺഗ്രസ് എം ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ കക്ഷികളും പങ്കെടുത്തു.
അറസ്റ്റ് വാർത്തയിൽ ഞങ്ങളുടെ ഭാഗംകൂടി ചേർത്ത് റിപ്പോർട്ട് ചെയ്തത് പാലായിൽ മാതൃഭൂമി ദിനപത്രം മാത്രമായിരുന്നു. പിറ്റേന്ന് തനിനിറം പത്രം യഥാർത്ഥ വസ്തുതകൾ ഉൾക്കൊള്ളിച്ചു വിശദമായ വാർത്ത കോട്ടയത്തുനിന്നും നൽകി. പി.സി. സതീഷായിരുന്നു ഇതു തയ്യാറാക്കിയത്. സൂര്യാ ടിവി റിപ്പോർട്ടർ രാജു ആനിക്കാട് വാർത്തയുടെ യാഥാർത്ഥ്യം ചാനലിലൂടെ അവതരിപ്പിച്ചു. അനിലൻ നമ്പൂതിരി (അനി എരുമേലി) പാൽക്കോ ക്രൈം മാസികയിൽ വിശദമായ റിപ്പോർട്ടാണ് അന്ന് നൽകിയത്. കേരളകൗമുദിയിലെ കെ.ജയകുമാർ തിരുനക്കര ചുറ്റുവട്ടത്തിൽ അറസ്റ്റിനെ വിമർശിച്ചു റിപ്പോർട്ട് എഴുതുകയും ചെയ്തിരുന്നു.
കേസ് പത്തു വർഷം നീണ്ടു. കേസെടുത്ത എസ്.ഐ. ഉൾപ്പെടെ വാദി ഭാഗത്തു നിന്നും പലരും വിചാരണ വേളയിൽ ഹാജരായില്ല. കേസ് പരിഗണിച്ച കോടതി ഞങ്ങൾ കേസിൽ കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.
പത്രവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റും പരാതിയും തന്റെ അറിവോടെ അല്ല എന്നു പിന്നീട് ശ്രീ.കെ.എം. മാണി ഒരിക്കൽ നേരിൽ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട്.കേരളാ കോൺഗ്രസ് നേതാക്കൾക്കൊപ്പം വിരോധികളായ ആ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു എന്നാണ് എൻ്റെ വിശ്വാസം.
ഏതായാലും അന്ന് എന്നെയും ജോസിനെയും കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയ ആ രാഷ്ട്രീയ പ്രവർത്തകരിൽ ചിലർ
ഇന്ന് കെ.എം.മാണിക്കും കേരളാ കോൺഗ്രസിനും അനഭിമതരാണ്.
ഏതായാലും അധികം താമസിക്കാതെ പ്രഭാകരൻ നായർക്ക് പാലാ വിടേണ്ടിവന്നു.
കളത്തൂക്കടവിൽ കർഷകരെ ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ ആയിരുന്നു ഇത്. കർഷകരെ മർദ്ദിച്ച വിഷയത്തിൽ പാലാ ബിഷപ്പ്സ് ഹൗസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് സ്ഥാനചലനത്തിനു കാരണമായത്. കർഷകർക്കു വേണ്ടി നിർണ്ണായക നീക്കങ്ങൾ .നടത്താൻ അന്നു എനിക്ക് കഴിഞ്ഞിരുന്നു.
ഒന്നുകൂടി
ദിവാൻ ഏകാധിപത്യ ഭരണം നടത്തിയിരുന്ന കാലത്ത് ദിവാൻ ഭരണത്തെ എതിർത്ത സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തി.ജനാധിപത്യ ഭരണക്രമത്തിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ച പത്രാധിപരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടിച്ചു.ഈ വിധമുള്ള പീഢനങ്ങളും ജയിലും ഒന്നും ഒരിക്കലും തളർത്തിയിട്ടില്ല.
ഇവയൊക്കെ കരുത്ത് പകരുക മാത്രമേ ചെയ്തിട്ടുള്ളൂ. ആ കരുത്തിലാണ് പ്രയാണം.
എബി ജെ. ജോസ്