India
തുംഗഭദ്രയിലൂടെ പ്രകൃതി നൽകുന്ന പാഠം കേന്ദ്ര കേരള സർക്കാരുകളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്:മുല്ലപ്പെരിയാർ മറ്റൊരു മോർവി ആവാതിരിക്കട്ടെ :ചാൾസ് ചാമത്തിൽ
കോട്ടയം : കർണ്ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഷട്ടർ തകർന്നതിലൂടെ പ്രകൃതി ലോകത്തിന് നൽകുന്ന പാഠം കേന്ദ്ര കേരള സർക്കാരുകളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.മുല്ലപെരിയാർ മറ്റൊരു മോർവി ആവാതിരിക്കട്ടെയെന്ന് സി മീഡിയാ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ അഭിപ്രയപ്പെട്ടു.
ഭാരതത്തിൽ സുർക്കി കൂട്ടുകൊണ്ട് നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ അണക്കെട്ട് മുല്ലപ്പെരിയാറും .രണ്ടാമത്തേത് തുംഗഭദ്രയും ആണെന്നിരിക്കെ പ്രകൃതി ഭാരതത്തിനു നൽകുന്ന മുന്നറിയിപ്പായി വേണം തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നതിനെ കാണുവാൻ.ബ്രിട്ടീഷുകാർ പണിതത് കൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള അണക്കെട്ടുകൾ കാലത്തേ അതിജീവിച്ചു പോകുന്നത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈയടുത്ത കാലത്ത് കോടികൾ മുടക്കിയ പാലങ്ങൾ ഉദ്‌ഘാടന ദിവസം തന്നെ തകർന്നു വീഴുമ്പോൾ മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടിന്റെ ബ്രിട്ടീഷ് വൈദഗത്യത്തെ കുറച്ചു കാണാൻ ആവില്ല .
മുല്ലപ്പെരിയാർ തകരില്ലെന്നും അഥവാ തകർന്നാൽ തന്നെ ഇടുക്കി അണക്കെട്ട് അതിനെ താങ്ങുമെന്നും കേരളത്തിലെ ജലസേചന വകുപ്പ് മന്ത്രി പറയുമ്പോൾ മുല്ലപ്പെരിയാറിനു താഴെയുള്ള ആയിരക്കണക്കായ ജീവന് സർക്കാർ കൽപ്പിക്കുന്ന വിലയെന്തെന്നു പൊതു സമൂഹം വിലയിരുത്തേണ്ടകാലം അതിക്രമിച്ചെന്ന് സി മീഡിയാ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ കൂട്ടിച്ചേർത്തു.
1979 ൽ തകർന്ന ഗുജറാത്തിലെ മോർവി അണക്കെട്ടു മൂലം ഭാരതം നേരിട്ട ദുരന്തം നാമെല്ലാം പാഠം ആക്കേണ്ടതാണ്.ആയിരങ്ങൾ കുത്തിയൊഴുകിയ വെള്ള പാച്ചിലിൽ മുങ്ങി മരിച്ചപ്പോൾ ആരും അവരെ രക്ഷിക്കാനുണ്ടായിരുന്നില്ല.മനുഷ്യനും ,മൃഗങ്ങളും ചീഞ്ഞളിഞ്ഞപ്പോൾ വ്യാപകമായി പടർന്നു പിടിച്ച പകർച്ച വ്യാധികൾ മൂലം പ്രളയത്തെ അതിജീവിച്ച ആയിരങ്ങൾക്കും പിന്നീട് ജീവഹാനിയുണ്ടായി എന്ന ചരിത്ര സത്യം നമ്മെ തുറിച്ചു നോക്കുമ്പോൾ തുംഗഭദ്രയിലൂടെ പ്രകൃതി നൽകിയ മുന്നറിയിപ്പ് സ്വീകരിച്ച് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് സ്ഥാപിക്കുകയും;തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന ആശയമാണ് നടപ്പിലാക്കേണ്ടതെന്നും ചാൾസ് ചാമത്തിൽ കേന്ദ്ര കേരളാ സർക്കാരുകളെ ഉദ്‌ബോധിപ്പിച്ചു .