Kerala
തട്ടുകടയിൽ വന്ന യുവാവുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് ഹെൽമറ്റും ;സ്റ്റൂളും കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാൽവർ സംഘം അറസ്റ്റിൽ
തലയോലപ്പറമ്പ് : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ ഉമ്മാംകുന്ന് ഭാഗത്ത് ചോഴംചേരി കാലായിൽ വീട്ടിൽ അഭിനവ് സജി (22), വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് ചോഴംചേരിൽ വീട്ടിൽ ജോജി ജോൺ (27), വടയാർ ഉമ്മാൻകുന്ന് ഭാഗത്ത് കുന്നുംതറയിൽ വീട്ടിൽ അമ്പാടി പ്രസാദ് (18), തലയോലപ്പറമ്പ് പട്ടശ്ശേരിൽ വീട്ടിൽ ബിനീഷ് (42) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി തലയോലപ്പറമ്പ് പള്ളിക്കവല ഭാഗത്തുള്ള തട്ടുകടയിൽ വച്ച് കാരാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവാവുമായി ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും, ഹെൽമെറ്റും, കയ്യിൽ കരുതിയിരുന്ന വടിയും, അവിടെ കിടന്നിരുന്ന പ്ലാസ്റ്റിക്ക് സ്റ്റൂളും കൊണ്ട് തലയ്ക്ക് അടിക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു. അഭിനവ് സജിക്ക് തലയോലപ്പറമ്പ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ അർജുനൻ, സി.പി.ഓ മാരായ ഷിജു മോഹൻ, അഭിലാഷ് എം.എസ്, അജ്മൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.