പാലാ: സോഷ്യൽ മീഡിയകളിൽ പലപ്പോഴും ചർച്ചാ വിഷയമാകുന്ന ചിത്രമാണ് മോഹൻലാൽ നായകനായ 2000 ൽ റിലീസായ ദേവദൂതൻ എന്ന സിബി മലയിൽ ചിത്രം. ആദ്യം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫിസിൽ പരാജയമായിരുന്നെങ്കിലും പുതു തലമുറ ദേവദൂതനെ ദൈവ തുല്യനായി ഏറ്റെടുത്തു . കാലം തെറ്റി ഇറങ്ങിയ മാസ്റ്റർപീസ് എന്നാണ് പുതു തലമുറ ഈ ചിത്രത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 24 വർഷങ്ങൾക്ക് ശേഷം ചിത്രം റി റിലീസ് ചെയ്തപ്പോൾ എങ്ങും ഹൗസ്ഫുൾ ഷോകളോടെയാണ് പ്രദർശനം തുടരുന്നത്.
പാലായിൽ പുത്തേട്ട് സിനിമാസിൽ മാത്രമാണ് നിലവിൽ ദേവദൂതൻ കളിക്കുന്നത്. മൂന്നാം സ്ക്രീനിലെ 4K ഡോൾബി 7.1 അറ്റ്മോസിലൂടെയുള്ള സിനിമയുടെ പ്രദർശനം ഓരോ പ്രേക്ഷകരുടെയും മനം കവരുന്നു.സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തയുടെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അയാളെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. പ്രാവിന്റെ ചിറകടി ശബ്ദവും നായ്ക്കളുടെ കുരയുമെല്ലാം വളരെ റിയലിസ്റ്റിക്കായി തന്നെയാണ് അനുഭവപ്പെട്ടത്.കൊല്ലപ്പെട്ട നായകന്റെ ആത്മാവ് വരുമ്പോഴാണ് പ്രാവിന്റെ ചിറകടി ശബ്ദം സിനിമയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. മികച്ച സംഗീതത്തിനുള്ള അവാർഡ് ലഭിച്ച സിനിമയാണ് ദേവദൂതൻ. വിദ്യാസാഗറിന്റെ സംഗീതം സിനിമയിൽ മികച്ചുനിന്നു.
എന്തരോ മഹാ ഭാവുലു എന്ന ഗാനം മോഹൻലാലിന്റെ മിന്നുന്ന അഭിനയശേഷിക്കപ്പുറം ആസ്വാദ്യമായത് സന്തോഷ് ശിവന്റെ ക്യാമറയുടെ കഴിവും .മിഴിവും ആയിരുന്നു. എന്തരോ മഹാ ഭാവുലു എന്ന ഗാനം സിനിമക്ക് ശേഷമാണെങ്കിലും പ്രേക്ഷകർ ആരും സീറ്റിൽ നിന്ന് എണീക്കാതെ ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് തീയറ്റർ ജീവനക്കാരെ തന്നെ അത്ഭുതപ്പെടുത്തി, ആരും തീയറ്ററിൽ നിന്നും മടങ്ങാത്തതിനാൽ അടുത്ത ഷോയുടെ സമയം തന്നെ മാറ്റേണ്ടി വന്നു എന്ന് വളരെ സന്തോഷത്തോടെയാണ് പുത്തേട്ട് സിനിമാസിന്റെ എല്ലാമെല്ലാമായ റോയ് ചേട്ടൻ കോട്ടയം മീഡിയയോട് പറഞ്ഞത്. പ്രേക്ഷകരുടെ സംതൃപ്തിയാണ് തന്റെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം ജില്ലയിലെ യുവത പുത്തേട്ട് സിനിമാസിലേക്ക് കുതിച്ചെത്തുമ്പോൾ റോയിച്ചേട്ടന്റെ മുഖത്തും കൃതാര്ഥതയുടെ നറു പുഞ്ചിരി വിരിയുകയാണ് .
ദേവദൂതൻ ആദ്യം റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ 24 വർഷങ്ങൾക്കിപ്പുറം റീ റിലീസിനെത്തിയപ്പോൾ വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതു തലമുറയാണ് കൂടുതലും ചിത്രം വീക്ഷിക്കാനെത്തുന്നത് എന്നാൽ കുടുംബ പ്രേക്ഷകരും ഒട്ടും കുറവല്ല. ഈ സിനിമ റിലീസ് ചെയ്തപ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവരാണ് ഇപ്പോൾ തീയറ്ററിലെത്തി വീക്ഷിക്കുന്നതെന്നും 25 വയസ്സിൽ താഴെയുള്ളവരാണ് കൂടുതൽ സിനിമ കാണാൻ എത്തുന്നതെനും സംവിധായകൻ സിബി മലയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നൂറോളം തീയറ്ററുകളിലാണ് ദേവദൂതൻ റീ റിലീസ് ചെയ്തത് എന്നാൽ സിനിമക്ക് ലഭിച്ച മികച്ച ജനപ്രീതി കൂടുതൽ തീയറ്ററുകൾ സിനിമയെ വരവേറ്റു. പാലാ പുത്തേട്ട് സിനിമാസിൽ വരും ദിവസങ്ങളിലും ചിത്രം പ്രദർശനം തുടരുമെന്നാണ് അറിയിച്ചത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ