Kerala
ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ല:കോട്ടയം ജില്ലാ കളക്ടർ
കോട്ടയം :മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജം: ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ല
കോട്ടയം: മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍.ഡി.ഒ.യുമായി ചേര്‍ന്ന് നിര്‍വഹിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തമുണ്ടായാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആംബുലന്‍സുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാകുമെന്ന് ഉറപ്പാക്കണം.
ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്നും സൗകര്യങ്ങള്‍ ലഭ്യമാണോയെന്നും ഉറപ്പാക്കണം. പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ സന്നദ്ധസംഘടനകള്‍, ക്ലബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് മുന്നൊരുക്ക നടപടി സ്വീകരിക്കണം.
ദുരന്തസാധ്യതാ മേഖലകളിലെ കുടുംബങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് കളക്‌ട്രേറ്റിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കൈമാറാനും സൂക്ഷിക്കാനും തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ചുമതലകള്‍ നിര്‍വഹിക്കണം.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, പാലാ ആര്‍.ഡി.ഒ. കെ.പി. ദീപ, ഡെപ്യൂട്ടി കളക്ടര്‍മാരായ റ്റി.എസ്. ജയശ്രീ, എസ്.എല്‍. സജികുമാര്‍, കെ.റ്റി. സന്ധ്യാദേവി, കെ. ഉഷ ബിന്ദുമോള്‍, പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ എം. അമല്‍ മഹേശ്വര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.