Kerala

വയനാട് ഉരുൾപൊട്ടൽ : അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു :ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ സഹായം തേടി കേരളം :സൈന്യവും രംഗത്തിറങ്ങും

 

കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം, മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.

ചൂരൽമല ടൗണിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുൾപൊട്ടിയത് അർധരാത്രിയിലെ ഉരുൾപൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. 400ലധികം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യർഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ വയനാട്ടിലേക്ക് തിരിച്ചു.

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.

രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നു. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും.

രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കുക, പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂര് മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.

പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്യു രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.

മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.

അപകടത്തിൽ പെട്ട 16 പേർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലം തകർന്നതോടെ അട്ടമലയിലേക്കും ചൂരൽമലയിലേക്കും ആളുകൾക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരൽമലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.

ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top