പാലാ: മൂവാറ്റുപുഴ നിർമ്മല കോളജിൽ നടന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്നും കേരളത്തിന്റെ പല മേഖലകളിലും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും പാലാ നഗരസഭ കൗൺസിലർ സിജി ടോണി തോട്ടത്തിൽ കുറ്റപ്പെടുത്തി.
വിശ്വാസം സംരക്ഷിക്കാനായി അനേകം രക്തസാക്ഷികളുടെ ചുടു നിണത്താൽ കെട്ടിപ്പൊക്കിയ ക്രൈസ്‌തവ സഭയുടെ സ്ഥാപനങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്നലെ കാഞ്ഞിരപ്പള്ളിയിലും ഇന്ന് മൂവാറ്റുപുഴയിലുമെങ്കിൽ നാളെ എവിടെ എന്നത് ആശങ്കയോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.
തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വരുന്നവരെക്കുറിച്ചുള്ള പാലാ രൂപതാധ്യക്ഷന്റെ മുന്നറിയിപ്പ് ശരിയാണെന്ന് കാലം തെളിയിക്കുന്നു. ക്യാമ്പസിൽ പഠിക്കാനായി വരുന്നവർ അതിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് മനസ്സിലാക്കാം. ഇത് ചില നിക്ഷിപ്ത താത്പര്യക്കാരുടെ അജണ്ടയായി മാത്രമേ കാണാൻ സാധിക്കുകയുളളു.
ക്രൈസ്തവരോട് എന്തും ആവാമെന്ന ചിന്ത ശരിയല്ല. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമല്ല മറിച്ച് സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് നാടിന് ആവശ്യം.
ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഊരിയ വാൾ ഉറയിലിടുന്നതാണ് അഭികാമ്യമെന്നും സിജി ടോണി പ്രസ്താവനയിലൂടെ അറിയിച്ചു
സിജി ടോണി തോട്ടത്തിൽ