Kerala
നിപ വൈറസ്: മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി ഇന്ന് രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചേരും
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി ഇന്ന് രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചേരും. ഇതോടെ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം ഇന്ന് എത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ ജി സജിത്ത്. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക. മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ നിയോഗിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. നാലംഗ സംഘമാണ് മെഡിക്കൽ കോളേജിൽ ചുമതലയേൽക്കുക.