Kerala

നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.,സമ്പര്‍ക്കം പുലര്‍ത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടുക

Posted on

നിപ ബാധിതനായ പതിനാലുകാരൻ്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ മേല്‍പ്പറഞ്ഞ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്

 

ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version