ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.
പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലഭിച്ച 609 എന്‍ട്രികള്‍ ലഭിച്ചു. നീലു എന്ന പേര് 33 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി വിദ്യാര്‍ഥിയായ കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. മനോരമ ന്യൂസ് കറസ്പോണ്ടന്റ് റോയ് കൊട്ടാരച്ചിറ, ദൂരദര്‍ശന്‍ കമന്റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
കളക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസര്‍, എ. കബീര്‍, അബ്ദുള്‍സലാം ലബ്ബ, എം.പി. ഗുരുദയാല്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.