മണിമല: മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട്ടൂർ ചെറുവള്ളി അഞ്ചാനിൽ വീട്ടിൽ മനോഹരൻ (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2012 ജനുവരിയിൽ മണിമല സ്വദേശിയുടെ വീടിന് സമീപം റബർ ഷീറ്റ് സൂക്ഷിച്ചിരുന്ന സ്റ്റോർ റും കുത്തി തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 79,000 രൂപ വിലവരുന്ന 563 റബർ ഷീറ്റുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ, ജയപ്രകാശ് വി.കെ , സി.പി.ഓ മാരായ ജസ്റ്റിൻ ജോർജ്, രവീന്ദ്രൻ, ബിജേഷ്, സോബിൻ പീറ്റർ, ശരത്ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.